SportsTRENDING

കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജയേഷ് ജോർജ് വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മാനേജർ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും ബിസിസിഐ മുന്‍ ജോയിന്‍റ് സെക്രട്ടറിയുമായ ജയേഷ് ജോര്‍ജിനെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മാനേജരായി ബിസിസിഐ നിയമിച്ചു. അടുത്ത മാസം 12 മുതലാണ് ഇന്ത്യന്‍ ടീമിന്‍റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം തുടങ്ങുന്നത്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 പരമ്പരകളുമുള്ള പര്യടനം ഒരു മാസം നീളും.

മുമ്പ് ഇന്ത്യന്‍ എ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനത്തിലും ജയേഷ് ജോര്‍ജ് മാനേജരായിരുന്നിട്ടുണ്ട്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായിരുന്ന കാലയളവില്‍ ബിസിസിഐ ജോയന്‍റ് സെക്രട്ടറിയായിരുന്ന ജയേഷ് ജോര്‍ജ് നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാണ്. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് രണ്ടാമൂഴം ലഭിക്കാതെ സൗരവ് ഗാംഗുലി പുറത്തായതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ജയേഷ് ജോര്‍ജിനെ വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.

അടുത്ത മാസം 12ന് ഡൊമനിക്കയിലെ വിസ്ഡന്‍ പാര്‍ക്കിലാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റ് തുടങ്ങുക. 20ന് പോര്‍ട്ട് ഓഫ് സ്പെയിനില്‍ രണ്ടാം ടെസ്റ്റിന് തുടക്കമാവും. 27ന് കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 29ന് ഇതേ ഗ്രൗണ്ടില്‍ രണ്ടാം ഏകദിനവും ഓഗസ്റ്റ് ഒന്നിന് ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ മൂന്നാം ഏകദിനവും നടക്കും.

മൂന്ന് മുതല്‍ ആരംഭിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരവും ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലാണ്. രണ്ടും മൂന്നും ടി20 മത്സരങ്ങള്‍ ഗയാനയിലെ ട്രിനിഡാഡ് സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്ക് അമേരിക്കയിലെ ഫ്ലോറിഡയാണ് വേദിയാവുക. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കു ശേഷം സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. ഏകദിന പരമ്പരക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയിട്ടുണ്ട്.

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ , മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.

ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ , ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ്. സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.

Back to top button
error: