ദില്ലി: 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. നോട്ട് പിൻവലിച്ചതിന് ശേഷം വിപണിയിലുള്ള മൂന്നിൽ രണ്ട് ഭാഗവും ബാങ്കുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. നിക്ഷേപമായോ മാറ്റിയെടുക്കുകയോ ചെയ്യുന്നതിലൂടെയാണ് ഇവ ബാങ്കുകളിലേക്ക് എത്തിയെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സെൻട്രൽ ബാങ്ക് ഗവർണറുടെ പ്രസ്താവന.
2000 രൂപ നോട്ടുകൾ മാറ്റുന്നതിന് ആർബിഐ നിശ്ചയിച്ചിരിക്കുന്ന സമയപരിധി 2023 സെപ്റ്റംബർ 30 ആണ്. 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നത് ബാങ്കിംഗ് സംവിധാനത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്ന് അടുത്തിടെ എസ്ബിഐ റിപ്പോർട്ട് ഉണ്ടായിരുന്നു.
രാജ്യത്തെ പണപ്പെരുപ്പം കുറയുകയാണെന്നും എന്നാൽ വെല്ലുവിളികളുണ്ടെന്നും ശക്തികാന്ത ദാസ് അഭിമുഖത്തിൽ പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും പോളിസി നിരക്കുകൾ കാലിബ്രേറ്റഡ് രീതിയിൽ വർധിപ്പിക്കുമെന്നും ദാസ് പറഞ്ഞു. ഇതിന്റെ ഫലമായി പണപ്പെരുപ്പം 5 ശതമാനത്തിൽ താഴെയായി.
2023 മെയ് 19 നാണ് 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ റിസർവ് ബാങ്കിന്റെ തീരുമാനം നിലവിൽ വന്നത്. പൊതുജനങ്ങൾക്ക് തങ്ങളുടെ പക്കലുള്ള 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കുന്നതിനും,അല്ലെങ്കിൽ മാറ്റുന്നതിനും വേണ്ടി രാജ്യത്തെ ബാങ്കുകളെ സമീപിക്കാം. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2,000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബർ 30 വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും. 2023 സെപ്റ്റംബർ 30 വരെ ഇഷ്യൂ ഡിപ്പാർട്ട്‌മെന്റുകളുള്ള ആർബിഐയുടെ 19 റീജണൽ ഓഫീസുകളിലും (ആർഒ)1 നോട്ടുകൾ മാറാനുള്ള സൗകര്യം ലഭ്യമാണ്.