തിരുവല്ല: സാമ്പത്തിക തട്ടിപ്പ് കേസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒരുമാസമായി റിമാൻഡിൽ. നിരണം പഞ്ചായത്തിന്റെ ഭരണം സ്തംഭനാവസ്ഥയിലായി. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഈ മാസം ഒന്നാം തീയതിയാണ് നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോണ്‍ഗ്രസിലെ കെ പി പുന്നൂസ് അറസ്റ്റിൽ ആവുന്നത്.
പിന്നീട് ജർമൻ കമ്പനിയുടെ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് പാലക്കാട് മംഗലം സ്വദേശിയായ യുവാവിൽ നിന്നും 50 ലക്ഷം രൂപ വാങ്ങിയ കേസിൽ വടക്കഞ്ചേരി പൊലീസ് അറസ്റ്റു ചെയ്ത പുന്നൂസിനെ ആലത്തൂർ കോടതി റിമാന്‍ഡ് ചെയ്തു. മകന്റെ സുഹൃത്തിനെയാണ് പുന്നൂസ് കബളിപ്പിച്ച് പണം തട്ടിയത്.
പഞ്ചായത്ത് പ്രസിഡണ്ട് തന്നെ ജയിലിൽ ആയതോടെ പഞ്ചായത്തിലെ എല്ലാ കാര്യങ്ങളും കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. സാമ്പത്തിക തട്ടിപ്പ് കേസിൽ പഞ്ചായത്ത് പ്രസിഡണ്ട് റിമാൻഡിൽ ആയിട്ട് ദിവസം 29 കഴിഞ്ഞു. വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് എന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോഴും ഒന്നും നടക്കുന്നില്ല എന്നാണ് പ്രതിപക്ഷ ആരോപണം. പുഷ്പഗിരി കോളജിൽ അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോട്ടയം പുതുപ്പള്ളി സ്വദേശിയിൽ നിന്ന് 25 ലക്ഷം തട്ടിയ കേസിൽ കോട്ടയം ഈസ്റ്റ് പൊലീസാണ് ആദ്യം പുന്നൂസിനെ അറസ്റ്റ് ചെയ്തത്.
റിമാൻഡിൽ കഴിയവേ വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിൽ പോലീസ് എത്തി ജയിലിൽ വച്ച് വീണ്ടും അറസ്റ്റ് ചെയ്തു.ഇതോടെ റിമാൻഡ് കാലാവധി നീണ്ടു.
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രസിഡൻറ് രാജിവയ്ക്കാതെ പഞ്ചായത്ത് യോഗം പോലും ചേരാൻ അനുവദിക്കില്ല എന്ന് പ്രതിപക്ഷം നിലപാടെടുത്തു. ഇതോടെ പഞ്ചായത്ത് ഭരണസമിതി യോഗം പോലും ചേരാനാവാത്ത സ്ഥിതിയിലാണ്.
എൽഡിഎഫിനും യുഡിഎഫിനും 6 അംഗങ്ങൾ വീതമാണ് പഞ്ചായത്ത് കമ്മിറ്റിയിൽ ഉള്ളത്. എൻഡിഎ സ്വതന്ത്രന്റെ പിന്തുണയിലാണ് യുഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്. തട്ടിപ്പ് കേസിൽ റിമാൻഡിൽ ആയതോടെ കെ പി പുന്നൂസിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതേസമയം പുന്നൂസ് ഗ്രാമപഞ്ചായത്തിന്റെ പേരിൽ തട്ടിപ്പുകൾ നടത്തിയിട്ടില്ലെന്നും മറ്റ് കേസുകൾ വ്യക്തിപരമാണ് എന്നുമാണ് ഭരണകക്ഷി അംഗങ്ങളുടെ അഭിപ്രായം.