പാലക്കാട്: കൃഷ്ണവനത്തില്‍ നിന്ന് കൂട്ടംതെറ്റി അട്ടപ്പാടി പാലൂരിലെ ജനവാസമേഖലയില്‍ എത്തിയ ഒരു വയസുള്ള കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. 13 ദിവസമായി അമ്മയാന വരുന്നതും കാത്തിരിക്കുകയായിരുന്നു കുട്ടിക്കൊമ്പന്‍. രോഗബാധിതനായിരുന്നു. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡില്‍ ചികിത്സ നടക്കുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് ഇന്നലെയാണ് ചരിഞ്ഞത്. കൃഷ്ണയെന്നായിരുന്നു പേരിട്ടിരുന്നത്.
പാലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് കാട്ടാനക്കുട്ടിയെ കണ്ടത്. സ്വകാര്യതോട്ടത്തിലെ തോടിനരികില്‍ അവശനിലയില്‍ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസിയായ സി ജെ. ആനന്ദ്കുമാര്‍ പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകരും ദ്രുതപ്രതികരണ സംഘവും വെള്ളവും പുല്ലും പഴവും നല്‍കി.
ഭക്ഷണം കഴിച്ച് ക്ഷീണം മാറിയ ആനക്കുട്ടിയെ ഉച്ചയോടെ വനംവകുപ്പിന്റെ ജീപ്പില്‍ തൊട്ടരികിലുള്ള കൃഷ്ണവനത്തിലെത്തിച്ച് കാട്ടാനക്കൂട്ടത്തിനൊപ്പം ചേര്‍ത്തിരുന്നു. എന്നാല്‍,? വൈകിട്ട് ആറുമണിയോടെ തിരികെ വരികയായിരുന്നു. ആരോഗ്യം മോശമായതിനാല്‍ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. കഴിഞ്ഞ 16നാണ് കുട്ടിക്കൊമ്പന്റെ സംരക്ഷണം വനപാലകര്‍ ഏറ്റെടുത്തത്.