KeralaNEWS

ഇടുക്കി മെഡിക്കല്‍ കോളജില്‍ നെഞ്ചുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ഡോക്ടറെ കാണാനും ഇ.സി.ജി. എടുക്കാനും പടികള്‍ കയറി ഇറങ്ങിയത് പലവട്ടം

ഇടുക്കി: നെഞ്ചുവേദനക്ക് ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗി ആശുപത്രി ജീവനക്കാരുടെ അവഗണന മൂലം മരിച്ചെന്ന് ആരോപണം. ഡോക്ടറെ കാണാനും ഇസിജി എടുക്കുന്നതിനുമായി പലതവണ പടികള്‍ കയറിയിറങ്ങി അവശയായ രോഗിക്ക് വീല്‍ചെയര്‍ നല്‍കിയില്ലാണ് പരാതി. ഇടുക്കി പഴയരിക്കണ്ടം സ്വദേശി മേരി പൗലോസിന്റെ മരണത്തിലാണ് കുടുംബാംഗങ്ങളുടെ ഗുരുതരമായ ആരോപണം.

നെഞ്ചു വേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് മേരിയെ മകള്‍ റെജി ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചത്. രണ്ടാം നിലയിലാണ് ഒപി പ്രവര്‍ത്തിക്കുന്നത്. ചീട്ടെടുത്ത് നടന്ന് ഇവിടെത്തി. ഡോക്ടറെ കണ്ട് ഇസിജി എടുക്കാനായി വീണ്ടും താഴത്തെ നിലയിലെത്തി അങ്ങോട്ടുമിങ്ങോട്ടും നാലു തവണ പടികള്‍ കയറിയിറങ്ങേണ്ടി വന്നെന്നാണ് കുടുംബം പറയുന്നത്. ഇസിജിയില്‍ ഹൃദ്രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് മേരിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ഈ സമയത്ത് വീല്‍ചെയറോ സ്‌ട്രെച്ചറോ ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് അറ്റന്റര്‍മാര്‍ മറുപടി നല്‍കിയെന്നാണ് ആരോപണം. ഒടുവില്‍ പഴയ ബ്ലോക്കില്‍ നിന്നുമെത്തിച്ച ആംബുലന്‍സിലെ സ്ട്രക്ചര്‍ പുറത്തെടുത്താണ് രോഗിയെ കൊണ്ടുപോയെതെന്ന് മേരിയുടെ മകള്‍ പറയുന്നു.

Signature-ad

കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഇസിജി എടുക്കുന്നതിനിടെയാണ് മേരി മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ പലതവണ പടികള്‍ കയറി ഇറങ്ങിയപ്പോള്‍ മേരിയുടെ നില മോശമായതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കടക്കം ഇന്ന് പരാതി നല്‍കും. അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച ആശുപത്രി അധികൃതര്‍ ആവശ്യത്തിന് വീല്‍ചെയര്‍ ഉണ്ടായിരുന്നുവെന്നും വിശദീകരിച്ചു. വീഴ്തയുണ്ടായിട്ടുണ്ടോയെന്നു അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

 

Back to top button
error: