ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറില്‍ സിഖ് വംശജന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. അജ്ഞാതരായ തോക്കുധാരികള്‍ ഇയാള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. മന്‍മോഹന്‍ സിംഗ് എന്ന സിഖ് വംശജനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ പാകിസ്താനില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഒടുവിലത്തേതാണിത്.
പെഷവാറിലെ റഷീദ് ഗാര്‍ഹിയില്‍ നിന്നും തലസ്ഥാന നഗരത്തിലേക്ക് വരികയായിരുന്നു ഇയാള്‍. ഇതിനിടെ ഗുല്‍ദാര ചൗക്ക് കക് ഷാലില്‍ വെച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതിനിപ്പുറം മരിച്ചിരുന്നു.
യാക്കാ ടൂട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആക്രമണം നടന്ന സ്ഥലം. രണ്ട് ദിവസത്തിനുളളില്‍ മേഖലയില്‍ സിഖ് വിഭാഗത്തില്‍പെട്ടവര്‍ക്കെതിരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് സംഭവം. വെളളിയാഴ്ച ഒരു സിഖ് വംശജന് കാലില്‍ വെടിയേറ്റ് പരിക്കേറ്റിരുന്നു. മാര്‍ച്ചില്‍ ഒരു സിഖ് വ്യവസായി ഇവിടെ വെടിയേറ്റ് കൊല്ലപ്പെട്ടതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സിഖ് വിഭാഗങ്ങള്‍ കൂടുതല്‍ താമസിക്കുന്ന പാകിസ്താനിലെ സ്ഥലങ്ങളിലൊന്നാണ് പെഷവാര്‍. 15,000 ത്തോളം സിഖ് വിശ്വാസികളാണ് ഇവിടെയുളളത്. ബിസിനസ് നടത്തുന്ന ഇവരില്‍ അധികവും താമസിക്കുന്നത് ജോഗന്‍ ഷാ പ്രദേശത്താണ്.