തിരുവനന്തപുരം: അസുഖമുണ്ടെന്ന വ്യാജേനെ ആശുപത്രിയിലെത്തി മോഷണം നടത്തിയ പ്രതി പിടിയില്‍. രാജാജി നഗര്‍ ടിസി 26/1038ല്‍ ഉണ്ണിക്കുട്ടനെന്ന (28) പപ്പടം ഉണ്ണിയാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ജനറല്‍ ആശുപത്രിയിലെ ഇഞ്ചക്ഷന്‍ റൂമില്‍ കയറി ഇയാള്‍ സിറിഞ്ചുകള്‍ മോഷ്ടിച്ചത്. ലഹരി ഉപയോഗത്തിനായാണ് പ്രതി സിറിഞ്ചുകള്‍ മോഷ്ടിച്ചത് എന്നാണ് വിവരം. അസുഖമാണെന്നു പറഞ്ഞ് ഒരു സ്ത്രീക്കൊപ്പം ജനറല്‍ ആശുപത്രിയിലെത്തിയ ഇയാള്‍ വ്യാജ പേരും മേല്‍വിലാസവും നല്‍കി ഒ.പി ടിക്കറ്റെടുത്ത ശേഷമാണ് സിറിഞ്ചുകള്‍ മോഷ്ടിച്ചെടുത്തത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട നഴ്‌സ് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സി.സി ടിവി ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ തന്നെ പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട കേസുകളിലടക്കം ഇയാള്‍ സ്ഥിരം പ്രതിയാണ്. ഇയാളുടെ പക്കല്‍ നിന്ന് പേരൂര്‍ക്കട മാനസിക ആരോഗ്യ ആശുപത്രിയില്‍ ഉപയോഗിക്കുന്ന അഞ്ചോളം മെഡിക്കല്‍ റെക്കാഡുകളും പുനലൂരിലുള്ള ഡോക്ടറുടെ പേരിലുള്ള മരുന്ന് കുറിപ്പടിയും ലഭിച്ചിട്ടുണ്ട്. ഇതില്‍ തുടരന്വേഷണം നടത്തുമെന്ന് കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.