Health

കോവിഡ് അനന്തര രോഗങ്ങളിൽ ജാഗ്രത പുലർത്തുക, ഹൃദയം, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയവയെ ബാധിക്കുന്ന രോഗങ്ങൾ വ്യാപകം

  കോവിഡ് ബാധിക്കപ്പെട്ടവരിലെ പിന്നീടുള്ള ആരോഗ്യപ്രശ്നങ്ങളുടെ കാര്യത്തില്‍ പഠനങ്ങള്‍ പലതും പാതി വഴിയിലാണ്.  കോവിഡ് തലച്ചോറിനെ ബാധിക്കുന്നതായി  പുതിയൊരു പഠനറിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നു. കാനഡയിലെ ടൊറന്റോയില്‍ നിന്നുള്ള ‘റോട്ട്മാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്’, ‘സണ്ണിബ്രൂക്ക് ഹോസ്പിറ്റല്‍’ എന്നിവിരുടേതാണ് പഠന റിപ്പോർട്ട്. കോവിഡ് 19 തലച്ചോറിന്റെ ‘വൈറ്റ് മാറ്റര്‍’ എന്നറിയപ്പെടുന്ന ഭാഗത്തെ ബാധിക്കാമെന്നാണ് പഠനം കണ്ടെത്തിയത്. സിഡിഐ (കോറലേറ്റഡ് ഡിഫ്യൂഷന്‍ ഇമേജിംഗ് ) എന്ന പുതിയ ഇമേംജിഗ് ടെക്നിക് ഉപയോഗിച്ചാണ് കൊവിഡ് രോഗികളുടെ തലച്ചോറില്‍ സംഭവിക്കുന്ന മാറ്റം ഗവേഷകര്‍ മനസിലാക്കിയത്. കാനഡയിലെ വാട്ടര്‍ലൂ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ അല്സാണ്ടര്‍ വോംഗ് ആണ് സിഡിഐ ഇമേജിംഗ് ടെക്നിക്ക് വികസിപ്പിച്ചെടുത്തത്. തലച്ചോറിനെ കൂടുതല്‍ സൂക്ഷ്മമായും വ്യക്തമായും മനസിലാക്കുന്നതിന് പ്രയോജനപ്പെടുന്ന പരിശോധനാരീതിയാണ് ഇത്. നടക്കുമ്പോഴും നില്‍ക്കുമ്പോഴുമെല്ലാം ശരീരത്തിന്റെ ബാലന്‍സ് സൂക്ഷിക്കാനും, കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും, അതിനോട് കൃത്യമായി പ്രതികരിക്കാനും, പ്രശ്ന പരിഹാരത്തിനുമെല്ലാം നമ്മെ സഹായിക്കുന്നത് തലച്ചോറിലെ ‘വൈറ്റ് മാറ്റര്‍’ എന്നറിയപ്പെടുന്ന ഭാഗമാണ്. ഇതിനെ ദോഷകരമായി  ബാധിക്കുന്നത് പല കാര്യങ്ങളെയും പ്രശ്നത്തിലാക്കും.

കോവിഡ് വാക്സീന്‍ കുത്തിവയ്പും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോ എന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) പരിശോധിക്കുന്നു. നാല് വ്യത്യസ്ത അന്വേഷണമാണ് ഐസിഎംആര്‍ ഗവേഷകര്‍ നടത്തുന്നത്.

Signature-ad

ഒന്ന്. യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള ഹൃദയാഘാത മരണം കൂടിയതിന്റെ കാരണം.
രണ്ട്. വാക്സീന്‍, ദീര്‍ഘകാല കോവിഡ് പ്രശ്നങ്ങള്‍, രോഗതീവ്രത തുടങ്ങിയവയും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയന്നത്. ഇതിനായി 40ല്‍പരം ആശുപത്രികളില്‍ രോഗികളുടെ വിവരങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
മൂന്ന്. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മൂലം രോഗികള്‍ പെട്ടെന്നു മരിക്കുന്ന സംഭവം.
നാല്. ഹൃദയാഘാതം സംഭവിക്കുകയും എന്നാല്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യം. കോവിഡ് രോഗബാധയും പെട്ടെന്നുണ്ടാകുന്ന മരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന ആശങ്ക ഗൗരവമായി തന്നെ പരിശോധിക്കുന്നുണ്ട്.

രോഗതീവ്രത കൂടുതലെന്നു കണ്ടെത്തിയത് കോവിഡ് ബാധിക്കുന്നവരില്‍ 6 ശതമാനം പേര്‍ക്കാണ്. കോവിഡ് മുക്തി നേടിയാലും പ്രശ്നങ്ങള്‍ തുടരാം. ശ്വാസകോശം, ഹൃദയം, തലച്ചോര്‍ തുടങ്ങിയവയെ ബാധിക്കുകയും ചെയ്യാം. ഒരു വര്‍ഷം വരെ പ്രശ്നങ്ങള്‍ നീണ്ടുനില്‍ക്കാം. കൃത്യമായ പരിചരണമുണ്ടെങ്കില്‍ മറികടക്കാനും കഴിയും.

Back to top button
error: