ഇത് കൂടാതെ, ത്വക്ക് രോഗങ്ങൾ, പ്രത്യേകിച്ച് ആനത്തഴമ്പ്, പാലുണ്ണി തുടങ്ങിയവ മാറുവാൻ ഇവിടെ ആമക്കുളത്തിലെ ആമകൾക്ക് ആമയൂട്ട് അഥവാ ആമകൾക്ക് നിവേദ്യം സമർപ്പിച്ചാല്‍ മതിയെന്നാണ് പറയപ്പെടുന്നത്. ഈ വഴിപാടുകൾക്കായി ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും വിശ്വാസികളെത്തുന്നു. അടുക്കത്ത് ഭഗവതിയെ തൊഴുത ശേഷമാണ് ആമയൂട്ട് നടത്തുന്നത്. രോഗങ്ങൾ സുഖപ്പെടുവാനും നല്ല ആരോഗ്യം ലഭിക്കുവാനും ഈ ആമയൂട്ട് സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ഉച്ചയ്‌ക്ക് 12.00 മുതൽ 1.00 മണി വരെ ഒരു മണിക്കൂർ സമയമാണ് ആമയൂട്ട് നടത്തുന്നത്. ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷം മഹാവിഷ്ണു മണ്ഡപത്തിന്റെ പടവുകളിൽ നിന്ന് ആമക്കുളത്തിൽ ആമയൂട്ട് നടത്താം. തടകത്തിനു നടുവിലായാണ് ഈ മണ്ഡപമുള്ളത്. ഒരു ആമയൂട്ടിന് 20 രൂപയാണ് നിരക്ക്. കാവിൽ നിന്നും അല്പം തെക്കുമാറിയാണ് ഈ ആമക്കുളം സ്ഥിതി ചെയ്യുന്നത്.
മഹിഷാസുരമർദ്ദിനി സങ്കൽപ്പത്തിലുള്ള ദുർഗ്ഗാദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയെങ്കിലും മഹാവിഷ്ണുവിനും വിശ്വാസങ്ങളിൽ വലിയ പ്രാധാന്യമുണ്ട്. ഇവിടുത്തെ കാവിലെ ദേവതകളുടെ നൃത്തം കാണാനായി വന്ന കൂർമ്മാവതാരത്തിൽ വന്ന മഹാവിഷ്ണു പിന്നീട് ദേവിയുടെ ആഗ്രഹപ്രകാരം ധന്വന്തരി മൂർത്തീയായി ക്ഷേത്രത്തിൽ വാഴുന്നുവെന്നാണ് വിശ്വാസം.
കാസർകോട് കുണ്ടംകുഴിക്കടുത്ത് മോലോത്തുംകാവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.