CrimeNEWS

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ വീട്ടമ്മ തല്ലിക്കൊന്നു; സ്വകാര്യഭാഗങ്ങളിലടക്കം ചവിട്ടിമെതിച്ചു

ഹൈദരാബാദ്: മദ്യലഹരിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ വീട്ടമ്മ തല്ലിക്കൊന്നു. ഹൈദരാബാദ് രാജേന്ദ്രനഗറിലാണ് സംഭവം. സുരക്ഷാജീവനക്കാരനായി ജോലിചെയ്യുന്ന ശ്രീനിവാസ് (46) എന്നയാളെയാണ് 45 വയസുകാരി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിയെ ശ്രീനിവാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വീടുവിട്ടിറങ്ങി സമീപപ്രദേശത്തേക്ക് നടന്നെത്തുകയായിരുന്നു. ഇതിനിടെയാണ് യുവതി അവരുടെ വീടിന് പുറത്ത് കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അല്പം അകലെയായി യുവതിയുടെ ഭര്‍ത്താവും ഉറങ്ങുന്നുണ്ടായിരുന്നു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ശ്രീനിവാസ് യുവതിയുടെ അടുത്തെത്തി സാരി വലിച്ചുമാറ്റുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഞെട്ടിയുണര്‍ന്ന യുവതി ബഹളംവെയ്ക്കുകയും ശ്രീനിവാസിനെ മര്‍ദിക്കുകയുമായിരുന്നു.

Signature-ad

സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ചാണ് യുവതി ശ്രീനിവാസിനെ അടിച്ചത്. സ്വകാര്യഭാഗങ്ങളിലടക്കം ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ബഹളംകേട്ട് യുവതിയുടെ ഭര്‍ത്താവും അയല്‍ക്കാരും എത്തിയശേഷമാണ് ഇവര്‍ വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ശ്രീനിവാസ് അര്‍ധബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റാണ് യുവാവിന്റെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും തെളിവുകള്‍ ശേഖരിച്ച് കേസില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: