KeralaNEWS

പനവല്ലിയെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവില്‍ കൂട്ടിലായി

വയനാട്: തിരുനെല്ലി പനവല്ലിയെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവ ഒടുവില്‍ കൂട്ടിലായി. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. കടുവയുടെ ആക്രമണമുണ്ടായ ആദണ്ടയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു കൂട് സ്ഥാപിച്ചത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും കൂട് സ്ഥാപിച്ച ശേഷം പ്രദേശങ്ങളില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നില്ല.

മൂന്നാഴ്ച മുമ്പാണ് പനവല്ലിയില്‍ കടുവയുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. മെയ് 31ന് പുളിയ്ക്കല്‍ മാത്യുവിന്റെ പശുവിനെയും ജൂണ്‍ 11ന് വരകില്‍ വിജയന്റെ പശുക്കിടാവിനെയും പുളിയ്ക്കല്‍ റോസയുടെ പശുവിനെയും കടുവ ആക്രമിച്ചു. ആക്രമിച്ച സമയത്ത് തന്നെ പശുക്കിടാവും ഒരു ദിവസത്തിന് ശേഷം പശുവും ചത്തു. ഇതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ക്യാമറകള്‍ സ്ഥാപിച്ച് നീരിക്ഷിക്കുന്നതിനൊപ്പം കൂടും സ്ഥാപിക്കുന്നത്.

Signature-ad

നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍, ബേഗൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. കടുവ കൂട്ടിലായതോടെ പ്രദേശവാസികളുടെ ആശങ്കകള്‍ക്ക് വിരാമമായിരിക്കുകയാണ്.

Back to top button
error: