KeralaNEWS

നിഖില്‍ തോമസിനെ കോട്ടയത്തുനിന്ന് കസ്റ്റഡിയിലെടുത്തു; പദ്ധതിയിട്ടത് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍?

കോട്ടയം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് പിടിയിലായി. ശനിയാഴ്ച പുലര്‍ച്ചെ 12.30-ന് കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് നിഖില്‍ തോമസിനെ കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പിടികൂടുന്നത്. തെങ്കാശി വഴി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നുസുചനയുണ്ട്. നിഖിലിനെ കായംകുളം പോലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍.

രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കും. ഉച്ചയോടെ നിഖിലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിയോടു കൂടി കോടതിയില്‍ ഹാജരാക്കുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം.

Signature-ad

ഒളിവിലായിരുന്ന നിഖിലിന്റെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ തിരച്ചിലിലായിരുന്നു. നിഖിലിന്റെ സുഹൃത്തായ മുന്‍ എസ്എഫ്‌ഐ നേതാവിനെ വര്‍ക്കലയില്‍ നിന്ന് ഇന്നലെ പകല്‍ കസ്റ്റഡിയിലെടുത്തിരുന്നു. നിഖില്‍ വിഷയത്തില്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആലോചിക്കുന്നെന്നു സൂചനയുള്ളതിനാല്‍ അതിനു മുന്‍പേ ഇയാളെ പിടികൂടാന്‍ പൊലീസിനു മേല്‍ സമ്മര്‍ദമുണ്ടായിരുന്നു.

കായംകുളം എംഎസ്എം കോളജില്‍ ബികോം വിദ്യാര്‍ഥിയായിരുന്ന നിഖില്‍ പരീക്ഷ ജയിക്കാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളജില്‍ എംകോമിനു ചേര്‍ന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്‌ഐ നേതാക്കളെ കാണാന്‍ 18 ന് തിരുവനന്തപുരത്തു പോയപ്പോള്‍ സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു. ഇയാളെയും ചേര്‍ത്തലയിലെ ഒരു എസ്എഫ്‌ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവില്‍ കഴിയുന്ന സ്ഥലം സംബന്ധിച്ച് പോലീസിനു വിവരം ലഭിച്ചത്.

 

 

Back to top button
error: