KeralaNEWS

എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡില്‍ ഭിന്നത; കലഞ്ഞൂര്‍ മധു പുറത്ത്, ഗണേഷ് അകത്ത്

കോട്ടയം: എന്‍.എസ്.എസ് ഡയറക്ടര്‍ബോര്‍ഡിലെ ഭിന്നത മറനീക്കി പുറത്ത്. ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കലഞ്ഞൂര്‍ മധുവിനെ ഒഴിവാക്കി. പകരം കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് കലഞ്ഞൂര്‍ മധുവിന് സ്ഥാനം നഷ്ടമായത്. 26 വര്‍ഷമായി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് മധു.

സംഘടനയെ തകര്‍ക്കന്‍ ചിലര്‍ ഉള്ളില്‍ നിന്ന് ശ്രമിക്കുന്നതായും അവര്‍ ചെയ്യുന്നത് കൊടും ചതിയാണെന്നും പ്രതിനിധി സഭയില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതിനു പിന്നാലെ 300 അംഗ പ്രതിനിധി സഭയില്‍നിന്ന് കലഞ്ഞൂര്‍ മധുവടക്കം ആറു പേര്‍ ഇറങ്ങിപ്പോയി. കലഞ്ഞൂര്‍ മധു, പ്രശാന്ത് പി.കുമാര്‍, മാനപ്പള്ളി മോഹന്‍ കുമാര്‍, വിജയകുമാരന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, അനില്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.

Signature-ad

മന്നം വിഭാവനം ചെയ്യുന്ന നിലപാടുകളില്‍ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂര്‍ മധു മാധ്യമങ്ങളോട് പറഞ്ഞു. സുകുമാരന്‍ നായര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഇനി മത്സരിക്കാനില്ലെന്ന് അദ്ദേഹത്തെ അറിയിച്ചത്. ജനാധിപത്യം പേരില്‍ അല്ലാതെ ഒരു സ്ഥലത്തും ഇല്ല. എന്നാല്‍, രാഷ്ട്രീയനിലപാടില്‍ അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമില്ലെന്നും മധു പറഞ്ഞു. അതേസമയം, സംഘടനയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് എന്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. കുറച്ചു നാള്‍ മുമ്പ് എന്‍എസ്എസ് രജിസ്ട്രാര്‍ ആയിരുന്ന ടി.എന്‍ സുരേഷിനോടും രാജി ചോദിച്ചു വാങ്ങിയിരുന്നു.

 

Back to top button
error: