KeralaNEWS

കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഔട്ട്‌ലെറ്റുകള്‍ തുറക്കും; ‘നന്ദിനി’ക്ക് മൂക്കുകയറുമായി മില്‍മ

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് കേരളത്തില്‍ പാല്‍വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ മില്‍മ. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് മില്‍മയുടെ തീരുമാനം. എന്നാല്‍, ഔട്ട്‌ലെറ്റുകളിലൂടെ പാലിനു പകരം പാല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണ് തീരുമാനമെന്നു മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.

ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാല്‍ അധിഷ്ഠിത ഉല്‍പന്ന ബ്രാന്‍ഡായ ‘നന്ദിനി’ കേരളത്തിലെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതാണ് വിവാദമാകുന്നത്. കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ (കെഎംഎഫ്) ഈ ബ്രാന്‍ഡ് കേരളത്തില്‍ 6 ഔട്ട്‌ലെറ്റുകള്‍ തുടങ്ങി. 3 ഔട്ട്‌ലെറ്റുകള്‍ കൂടി ഉടന്‍ ആരംഭിക്കും. കാക്കനാട്, എളമക്കര, പന്തളം, മഞ്ചേരി, തിരൂര്‍, ഇടുക്കി തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

Signature-ad

കോഴിക്കോട്, തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് ഇനി തുടങ്ങുക. കുറഞ്ഞ വിലയിലാണു നന്ദിനി പാല്‍ ലഭ്യമാക്കിയിരുന്നതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചതോടെ വില കൂട്ടി. കര്‍ണാടകയില്‍ 500 മില്ലിലിറ്റര്‍ നന്ദിനി പാലിന് 21 രൂപയാണു വില. കേരളത്തില്‍ 29 രൂപയും.

‘മില്‍മ’യുടെ ഉടമകളായ കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ കടുത്ത പ്രതിഷേധത്തിനിടയിലാണ് കര്‍ണാടകയില്‍ നിന്നുള്ള ‘നന്ദിനി’ വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നത്. കേരളത്തില്‍ പാല്‍ ഉല്‍പാദനം കുറയുന്ന സമയങ്ങളില്‍ പാല്‍ക്ഷാമം ഉണ്ടാകാതിരിക്കാന്‍ മില്‍മ നന്ദിനിയില്‍ നിന്നു രണ്ടു ലക്ഷം ലിറ്റര്‍ വരെ പാല്‍ വാങ്ങാറുണ്ട്. നന്ദിനി നേരിട്ടു കേരളത്തില്‍ വില്‍പന തുടങ്ങുന്നത് അവരുടെ തന്നെ പ്രധാന ഗുണഭോക്താവായ മില്‍മയുടെ വില്‍പനയെ അട്ടിമറിക്കുമെന്നാണ് ആക്ഷേപം.

ഗുജറാത്തില്‍ നിന്നുള്ള അമൂല്‍ ബംഗളുരുവില്‍ വില്‍പന കേന്ദ്രം തുടങ്ങുന്നത് കര്‍ഷകരെയും രാഷ്ട്രീയക്കാരെയും അണിനിരത്തി നേരിട്ട കെഎംഎഫാണ് ഇപ്പോള്‍ മില്‍മയുടെ തട്ടകം പിടിക്കാനൊരുങ്ങുന്നത്.

Back to top button
error: