ഇന്ത്യയിലെ മികച്ച 10 ആശുപത്രികളെടുത്താൽ കേരളത്തില്‍ നിന്ന് ഒന്നുപോലുമില്ല എന്നതാണ് വാസ്തവം.
അതേസമയം ബംഗളൂരിലെ ഫോര്‍ട്ടിസും ചെന്നൈയിലെ അപ്പോളോയും വരെ ആ ലിസ്റ്റിലുണ്ട്.എന്തുകൊണ്ട് അപ്പോളോ ആശുപത്രി കേരളത്തിലില്ല ? ഉന്നത ചികിത്സാരംഗത്ത് കൂടുതല്‍ മികച്ച സേവന മൊരുക്കാൻ അപ്പോളോ, ഫോർട്ടിസ് മുതലായ ആശുപത്രികളെ കേരളത്തിലേക്ക് എന്തുകൊണ്ട് ക്ഷണിക്കുന്നില്ല ? ആരോഗ്യപരമായ മത്സരം ആരോഗ്യരംഗത്തും ഉണ്ടാകുമ്ബോള്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും ചികിത്സയും ലഭിക്കുകയില്ലേ ? ചോദ്യങ്ങൾ ഒരുപാടാണ്. അപ്പോൾ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ലോകം ചുറ്റാൻ പറ്റുമോ- എന്നൊരു മറുചോദ്യവും ഉയർന്നു വരുന്നുണ്ട്.
അതവിടെ നിൽക്കട്ടെ, ലോകോത്തര നിലവാരവും സൗകര്യങ്ങളുമുള്‍ക്കൊള്ളുന്ന കേന്ദ്രസര്‍ക്കാര്‍ അധീനതയിലുള്ള എയിംസ് (AIIMS) ഹോസ്‌പിറ്റല്‍ കേരളത്തില്‍ വരുന്നതിനുള്ള തടസ്സമെന്താണ് ?
കേരളത്തില്‍ കുറേ വര്‍ഷങ്ങളായി എയിംസിനുവേണ്ടിയുള്ള മുറവിളി നടക്കുകയാണ്..കൊച്ചി,കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എയിംസ് വേണമെന്നായിരുന്നു വിവിധ സംഘട നകളുടെ ആവശ്യം.പിന്നീട് കോഴിക്കോട് എയിംസ് വരുന്നു എന്ന വാർത്തയും കേട്ടു.കോഴിക്കോട്ടെ കിനാലൂരിൽ സ്ഥാപിക്കണമെന്ന അപേക്ഷ ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധി കേന്ദ്രത്തിനു സമര്‍പ്പിച്ചു എന്നും പറയപ്പെടുന്നു.പക്ഷെ സ്ഥലം ഏറ്റെടുത്തു നൽകാൻ ഇതുവരെയായിട്ടില്ലെന്നു മാത്രംം!
കൊച്ചിയിലെ എഫ്എസിറ്റി (FACT) യില്‍ ഉള്‍പ്പെടെ സ്ഥലം ലഭ്യമാണെന്നിരിക്കെ എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്ന ഉദ്ദേശശുദ്ധിയ്ക്ക് പിന്നിൽ എന്തായിരുന്നു? എയിംസ് കേരളത്തിന്റെ മദ്ധ്യഭാഗമായ കൊച്ചിയിലല്ലേ സ്ഥാപിക്കേണ്ടിയിരുന്നത്.കേരളത്തില്‍ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ളവര്‍ക്ക് എയിംസ് കൊച്ചിയില്‍ വരുന്നതല്ലേ കൂടുതല്‍ സൗകര്യപ്രദം ?
തിരുവനന്തപുരത്തുനിന്നും,കാസര്‍ഗോഡ് നിന്നും ഇന്ന് വന്ദേഭാരത് മുതലായ ട്രെയിൻ വഴി വേഗത്തില്‍ കൊച്ചിയിലെത്താൻ സാധിക്കും.കൊച്ചിയിലെ സ്വകാര്യമേഖലയില്‍ വലിയ സൂപ്പര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുള്ളതിനാലാണോ എയിംസ് കൊച്ചിയില്‍ സ്ഥാപിക്കാത്തതെന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടായാല്‍ അത് സ്വാഭാവികം മാത്രമായിരിക്കും.
കേരളത്തിലെ സ്വാകാര്യ ആശുപത്രികളിൽ ദിവസേനയുള്ള അഭൂതപൂര്‍വ്വമായ തിരക്ക് കാണുമ്ബോള്‍ കൂടുതല്‍ ആശുപത്രികളും സൗകര്യങ്ങളും സംസ്ഥാനത്ത് ഉണ്ടാകേണ്ടത് അനിവാര്യമാണ് എന്നുതന്നെ പറയാം.ഇതുമാത്രമല്ല, കേരളത്തിലെ ഇന്നത്തെ രോഗങ്ങളുടെയും രോഗികളുടെയും ബാഹുല്യം കണക്കിലെടുത്ത് എല്ലാ ജില്ലയിലും ഓരോ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എന്ന ലക്ഷ്യവും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.അത്രകണ്ടാണ് ദിവസവും രോഗികളുടെ എണ്ണം ഇവിടെ വര്‍ദ്ധിക്കുന്നത്.ശരാശരി കുടുംബങ്ങളുടെ നടുവൊടിക്കുന്നതാണ് ഇവിടുത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ്.അവിടെയാണ് എയിംസ് പോലുള്ള ആശുപത്രികളുടെ പ്രസക്തിയും!