KeralaNEWS

സംഗതി സൂപ്പർ ഫാസ്റ്റ്; പക്ഷെ കേരള എക്സ്പ്രസിന്റെ വൈകിയോട്ടം തുടർക്കഥ

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്ക് എത്താൻ ഏതൊരു മലയാളിയും ആദ്യ തിരഞ്ഞെടുക്കുന്ന ട്രെയിൻ സര്‍വീസായിരുന്നു ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് (12626).

ഏകദേശം രണ്ട് രാത്രിയും രണ്ട് പകലും കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്താൻ സാധിക്കും എന്നതായിരുന്നു പ്രത്യേകത.ടിക്കറ്റ് ബൂക്ക് ചെയ്ത് വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍പ്പോലും  നാട്ടിലേക്കെത്താൻ കേരള എക്സ്പ്രസിനെ ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.കാരണം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനായ കേരള എക്സ്പ്രസ്  അപൂര്‍വ ഘട്ടങ്ങളില്‍ ഒഴികെ കൃത്യമായും കൃത്യസമയം പാലിച്ചിരുന്ന ഒരു വണ്ടിയായിരുന്നു.എന്നാല്‍ ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്നും യാത്ര തിരിക്കുന്ന കേരള എക്സ്പ്രസ് ഇപ്പോൾ തിരുവനന്തപുരത്ത് വൈകി എത്തുന്നത് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.

 

Signature-ad

റെയില്‍വെയുടെ സമയപ്രകാരം എല്ലാ ദിവസവും രാത്രി 8.10ന് ന്യൂ ഡല്‍ഹിയില്‍ നിന്നും ആരംഭിക്കുന്ന ട്രെയിൻ രണ്ട് രാത്രിയും രണ്ട് പകലും യാത്ര ചെയ്ത് (49 മണിക്കൂര്‍ 40 മിനറ്റ്) വൈകിട്ട് 9:50 ന് തിരുവനന്തപുരത്ത് എത്തിച്ച ചേരേണ്ട സര്‍വീസാണ്.എന്നാൽ ഇപ്പോൾ തുടർച്ചയായി ട്രെയിൻ തിരുവനന്തപുരത്ത് എത്തുന്നത് അർധരാത്രിക്ക് ശേഷമാണ്.

 

ഡല്‍ഹിയില്‍ നിന്നും ആരംഭിച്ച്‌ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, മഹരാഷ്ട്ര, ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് പാലക്കാടിലൂടെ കേരളത്തില്‍ പ്രവേശിച്ച് എറണാകുളം, കോട്ടയം വഴി‌ തിരുവനന്തപുരം സെൻട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ അവസാനിക്കുന്നതാണ് കേരള എക്സപ്രസിന്റെ ദിനംപ്രതിയുള്ള സര്‍വീസ്.ദിനംപ്രതി സർവീസ് നടത്തുന്നതിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്നതും ദക്ഷിണ റെയില്‍വെയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന സര്‍വീസുകളില്‍ ഒന്നുമാണ് ഇത്.എന്നാല്‍ ദക്ഷിണേന്ത്യയുടെ അഭിമാനകരവും ലാഭകരവുമായ ഈ സര്‍വീസ് ഇപ്പോൾ ലക്ഷ്യസ്ഥാനത്ത് എത്തി ചേരുന്നതോ ഏറെ വൈകിയും.

 

ഒരു കാലത്ത് കൃത്യത പാലിച്ചിരുന്ന സര്‍വീസിന്റെ സമയക്രമം മാറ്റിയതും വൈകി എത്തുന്നതിന് ഒരു കാരണമായി  ചൂണ്ടിക്കാട്ടുന്നു.നേരത്തെ പകൽ 11:30 ന് ന്യൂഡൽഹിയിൽ നിന്നും പുറപ്പെട്ടിരുന്ന സർവീസായിരുന്നു ഇത്.രണ്ടു രാത്രിയും മൂന്നു പകലുമായിരുന്നു യാത്രയ്ക്ക് വേണ്ടിയിരുന്നത്.രണ്ടാംദിവസം രാവിലെ 7 മണിക്ക് പാലക്കാട് എത്തിയിരുന്ന വണ്ടി ഉച്ചകഴിഞ്ഞ് 3 മണിയോടെ തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരുമായിരുന്നു.യാത്രക്കാർക്ക് ഏറെ സൗകര്യപ്പെട്ടിരുന്ന ഈ സർവീസാണ് ന്യൂഡൽഹിയിൽ നിന്നും വൈകിട്ട് 8:10 ന് പുറപ്പെടുന്ന രീതിയിലേക്ക് മാറ്റിയത്.ഇതോടെ പാലക്കാട് എത്തിച്ചേരുന്ന സമയം ഉച്ചയ്ക്ക് 1:55 ആയി.തിരുവനന്തപുരത്ത് വൈകിട്ട് 9:50 നും.

 

എന്നാൽ സമയക്രമം മാറ്റിയതോടെ  പതിവായി വൈകിയാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തുന്നത്. ഈ‌ ജൂൺ മാസത്തിൽ തന്നെ നിരവധി തവണയാണ് ട്രെയിൻ അർധരാത്രിക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയിട്ടുള്ളത്.പുലർച്ചെ 2:30 ന് എത്തിയ സംഭവവും ഈ മാസം തന്നെ ഉണ്ടായി.കോട്ടയം,തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം പ്രദേശങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ദീർഘദൂര യാത്രക്കാർ ആശ്രയിക്കുന്ന ഒരു ട്രെയിനാണ് കേരള എക്സ്പ്രസ്.എന്നാൽ ട്രെയിനിന്റെ പുതുക്കിയ സമയവും പതിവായി വൈകിയെത്തുന്നതു മൂലവും വീടുകളിൽ ചെന്നെത്താൻ ഇവർ ഏറെ ബുദ്ധിമുട്ടുകയാണ്.

 

Back to top button
error: