കൊട്ടാരക്കര: തെരുവുനായ്ക്കളെ പേടിച്ച് സ്കൂളിന് അവധി നൽകി അധികൃതർ. വെളിയം വെസ്റ്റ് ഗവ. എല്‍പി സ്കൂളിനാണ് ഇന്ന് അവധി നല്‍കിയത്.
രാവിലെ കുട്ടികൾ സ്കൂളിൽ എത്തിയപ്പോള്‍ പതിനഞ്ചോളം തെരുവ് നായ്ക്കള്‍ സ്കൂള്‍ വളപ്പിലുണ്ടായിരുന്നു.വിവരമറിഞ്ഞെത്തിയ രക്ഷകർത്താക്കൾ ഇതോടെ കുട്ടികളെ സ്കൂള്‍ വളപ്പിലേക്ക് കടത്തിവിട്ടില്ല.
പിടിഎ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അധികൃതരും നാട്ടുകാരും എത്തി സ്കൂളിനകത്ത് ഉണ്ടായിരുന്ന തെരുവ് നായ്ക്കളെ ഓടിച്ചെങ്കിലും ഒരു നായ മാത്രം പോയില്ല. വായില്‍ നിന്ന് നുരയും പതയും വന്നു കൊണ്ടിരുന്ന ഈ നായക്ക് പേയുള്ളതായി സംശയമുയര്‍ന്നതോടെ നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു.
സ്കൂള്‍ വരാന്തകളില്‍ ഉള്‍പ്പെടെ നായ്ക്കളുടെ വായില്‍ നിന്നുള്ള ഉമിനീരും മറ്റ് വിസര്‍ജ്യങ്ങളും കിടപ്പുണ്ടായിരുന്നു. ഇതോടെ സ്കൂളിന് അവധി നല്‍കുകയായിരുന്നു.ബുധനാഴ്ച സ്കൂളിനു സമീപം തെരുവ്നായ രണ്ടു പേരെ കടിച്ചിരുന്നു.