കൊച്ചി: വാടകവീട്ടില്‍ തങ്ങി ഒപ്പം താമസിച്ചവരുടെ രണ്ട് ലാപ്ടോപ്പ്, പഴ്സ്, ഹാര്‍ഡ് ഡിസ്ക്, വീട്ടുടമയുടെ സ്കൂട്ടര്‍ എന്നിവയുമായി കടന്ന സംഭവത്തിലെ പ്രതി ഒരു മാസത്തിനു ശേഷം പിടിയില്‍. കാസര്‍കോട് സ്വദേശി ഫസലു റഹ്മാനെ (30) എളമക്കര പോലീസിന്റെ പ്രത്യേക സംഘം ഗോവയില്‍ നിന്നാണ് പിടിച്ചത്.
പണവും രേഖകളും നഷ്ടപ്പെട്ട പരാതിക്കാര്‍ പ്രതിയെ തേടി മംഗളൂരു വരെ പോയിരുന്നു. അവര്‍ അവിടെയെത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. ജോലി ആവശ്യത്തിനു വന്നതാണെന്ന് പറഞ്ഞാണ് കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഫസലു റഹ്മാന് പരാതിക്കാര്‍ക്കൊപ്പം തങ്ങിയത്. പണം കൊടുത്ത് താമസിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നു പറഞ്ഞ് താമസം തുടങ്ങിയ ഇയാള്‍ മുറിയൊഴിയാതായപ്പോള് ഒപ്പം താമസിച്ചവര്‍ എതിര്‍ത്തു. അതിനിടെ മേയ് 17-ന് രാത്രി 10.30-ന് കൂടെ താമസിച്ചവരുടെ സാധനങ്ങളും സ്കൂട്ടറും അപഹരിച്ച് മുങ്ങുകയായിരുന്നു.
കൊച്ചിയില്‍നിന്ന് കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെ ഇയാള്‍ മറ്റൊരു ഇരുചക്ര വാഹനയാത്രക്കാരന്റെ ഹെല്‍മെറ്റും അപഹരിച്ചു. മോഷ്ടിച്ച വാഹനവുമായി ഇയാള്‍ ഗോവ വരെ എത്തി. പ്രതിയെ തേടി പരാതിക്കാര്‍ കാസര്‍കോടുള്ള ഇയാളുടെ വീട്ടിലെത്തിയിരുന്നു. ഒളിവില്‍ കഴിഞ്ഞ പ്രതിയെ സൈബര്‍ സെല്ലിന്റെയും ഗോവ പോലീസിന്റെയും സഹായത്തോടെയാണ് പിടികൂടിയത്.