KeralaNEWS

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഇനി പത്രവായനയ്ക്കും മാര്‍ക്കുണ്ട്; ഉത്തരവ് ഉടന്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇനി പത്രവായന പതിവാക്കണം. പരീക്ഷകളില്‍ തുടര്‍മൂല്യനിര്‍ണയത്തിനു നല്‍കുന്ന 20% മാര്‍ക്കില്‍ പകുതി പത്ര/പുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ പുറത്തിറക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വായനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

പഠനാനുബന്ധപ്രവര്‍ത്തനങ്ങളിലെ മികവു പരിഗണിച്ച് നിലവില്‍ 100 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 20 മാര്‍ക്കും 50 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 10 മാര്‍ക്കും തുടര്‍മൂല്യ നിര്‍ണയത്തിലൂടെ സ്‌കൂള്‍തലത്തില്‍ നല്‍കുന്നുണ്ട്. ഇതില്‍ 10 മാര്‍ക്ക് പത്രപുസ്തക വായനയിലുള്ള താല്‍പര്യത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തില്‍ നല്‍കാനാണു തീരുമാനം. കുട്ടികളെ സാമൂഹികാവബോധവും വിശാലമായ അറിവും നേടാന്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇതെന്ന് ശിവന്‍കുട്ടി പറഞ്ഞു.

Signature-ad

പൊതുവിദ്യാഭ്യാസവകുപ്പിന്റെ വാര്‍ത്താവായന മത്സരത്തിലൂടെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പത്രവായനയിലൂടെ ഗ്രേസ് മാര്‍ക്കു നേടാനും കഴിയും. മലയാളത്തിലെ മൂന്ന് പ്രമുഖ ദിനപത്രങ്ങളിലെ വാര്‍ത്തകള്‍ അടിസ്ഥാനമാക്കി വാര്‍ത്തയും അവലോകനവും തയാറാക്കി അവതരിപ്പിക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുക. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെയാണു മത്സരം. സംസ്ഥാനതലത്തില്‍ ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20, 17, 14 മാര്‍ക്ക് വീതം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കും.

Back to top button
error: