തൃശൂര്‍: അത്താണിയിലെ ബാങ്കില്‍ ജീവനക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴുക്കിയ പ്രതിക്ക് 75 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി പോലീസ്. റമ്മി കളിച്ച് ലക്ഷങ്ങള്‍ കടം വരുത്തിയെന്നും ഇത് തീര്‍ക്കാനാണ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്നും വില്ലേജ് അസിസ്റ്റന്റ് ലിജോ മൊഴി നല്‍കിയതായും പോലീസ് പറയുന്നു.
അത്താണിയിലെ ഫെഡറല്‍ ബാങ്കില്‍ ഇന്നലെ വൈകീട്ട് നാലരയോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. സഞ്ചിയുമായി എത്തിയ ലിജോ കന്നാസില്‍ നിന്നും പെട്രോള്‍ എടുത്ത് ജീവനക്കാരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആരും അനങ്ങരുതെന്നും ബാങ്ക് കൊള്ളയടിക്കാനാണ് വന്നിരിക്കുന്നതെന്നും പറഞ്ഞു. അക്രമി ഭീഷണി മുഴക്കുന്നതിനിടെ ജീവനക്കാരില്‍ ചിലര്‍ ബാങ്കിന്റെ ഗ്രില്‍ പൂട്ടി. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ലിജോയെ കീഴടക്കി. പിന്നീട് ബാങ്കിന് പുറത്തെ പോസ്റ്റില്‍ കെട്ടിയിടുകയും ചെയ്തു.
സ്ഥലത്തെത്തിയ വടക്കാഞ്ചേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് ലിജോ വില്ലേജ് അസിസ്റ്റന്റാണെന്ന വിവരം പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വില്ലേജിലെ സഹ പ്രവര്‍ത്തകരും പോലീസിനെ അറിയിച്ചിട്ടുണ്ട്.
റമ്മി കളിച്ച് ലക്ഷങ്ങള്‍ കടം വരുത്തിയെന്നും ഇത് തീര്‍ക്കാനാണ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്നുമാണ് ലിജോയുടെ മൊഴി. കൈയിലെ പണം തീര്‍ന്നതോടെ, കൂട്ടുകാരുടെ കൈയില്‍ നിന്നും വലിയ തുകകള്‍ കടം വാങ്ങി കളിച്ചു. ആ പണവും നഷ്ടപ്പെട്ടു. 75 ലക്ഷം രൂപ മൊത്തം ബാധ്യതയുണ്ടായി. വീട് ലോണ്‍ ഇനത്തില്‍ 23 ലക്ഷം കടമുണ്ട്. അമ്പത് ലക്ഷത്തില്‍ ഭൂരിഭാഗവും റമ്മി കളിച്ച് നഷ്ടപ്പെടുത്തിയെന്നും പ്രതി മൊഴി നല്‍കി. മൊഴി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. വധശ്രമം, കവര്‍ച്ചാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്.