ചെന്നൈ: അരിക്കൊമ്പൻ മുത്തുക്കുഴി ഭാഗത്തെ ചതുപ്പ് ഭാഗത്ത് തുടരുന്നതായി സ്ഥിരീകരിച്ച് തമിഴ്നാട് വനം വകുപ്പ്. പുതിയ ദൃശ്യങ്ങൾ വനം വകുപ്പ് പുറത്തു വിട്ടു. കളക്കാട് മുണ്ടൻതുറയ് കടുവ സാങ്കേതത്തിന്റെ ഭാഗത്താണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. ജലശയത്തിന് സമീപം ക്യാമറ ട്രാപ്പ് സ്‌ഥാപിച്ച് നിരീക്ഷിച്ച് വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആരോഗ്യവാനായി തീറ്റ എടുക്കുന്നുണ്ടെന്നും കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.
All is well #Arikomban
Video taken today by field staff of #TNForest @tnforestdept @TNDIPRNEWS pic.twitter.com/xcMlAFctPx— Supriya Sahu IAS (@supriyasahuias) June 16, 2023
അതേസമയം, അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹർജി ഇന്നലെ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. എറണാകുളം സ്വദേശിനി റബേക്ക ജോസഫിൻറെ സമർപ്പിച്ച ഹർജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ച് തള്ളിയത്. ആനയെ എവിടേ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്നും കോടതി ഹർജി പരിഗണിക്കവേ വ്യക്തമാക്കി.
ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്. തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനം വകുപ്പ് പിടികൂടിയത്.
ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പൻ വീണ്ടും തമിഴ്നാടിലെ ജനവാസ മേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോൾ വനം വകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം. കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്.