ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കൂടുതൽ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന് ഇഡി സമൻസ് അയച്ചു. ഭാര്യ നിർമ്മലയെയും ചോദ്യം ചെയ്യും. ആദായ നികുതി വകുപ്പിന് പിന്നാലെയാണ് ഇഡിയും സമൻസ് അയച്ചിട്ടുള്ളത്. ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് സെഷൻസ് കോടതി ഇന്നലെയാണ് ജാമ്യം നിഷേധിച്ചത്.
മന്ത്രിയെ ഇഡിയുടെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയുടെ ജാമ്യ ഹർജി തള്ളിയ കോടതി ഇദ്ദേഹത്തെ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുവാദം നൽകിയിട്ടുണ്ട്. ഇതോടെ ആശുപത്രിയിൽ മന്ത്രിയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തേക്കും. നിലവിൽ ജയിൽ വകുപ്പിനാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്നത്.
15 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ചോദിച്ചതെങ്കിലും എട്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. സെന്തിൽ ബാലാജിയുടെ ചികിത്സ തുടരണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെഷൻസ് കോടതി വിധിക്കെതിരെ സെന്തിൽ ബാലാജി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കും. സെന്തിൽ ബാലാജിക്ക് അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നിര്‍ദ്ദേശം. എന്നാൽ അനസ്തേഷ്യ നൽകാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂ എന്നും കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി.
ഇഡിയുടെ ആവശ്യപ്രകാരം ദില്ലി എയിംസിലെയും പുതുച്ചേരി ജിപ്മറിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഇന്ന് ചെന്നൈയിലെത്തി ബാലാജിയെ പരിശോധിച്ചിരുന്നു. ഇതിനിടെ അഴിമതി കേസിൽ കസ്റ്റഡിയിലുള്ള സെന്തിൽ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള ഉത്തരവ് തമിഴ്നാട് സർക്കാർ പുറത്തിറക്കിയിരുന്നു. ചികിത്സയിലാണെങ്കിലും മന്ത്രിയായി തുടരാമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.