കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ കേടായ ലിഫ്റ്റ് നന്നാക്കാൻ തുടങ്ങി. ഇന്ന് രാവിലെയാണ് അറ്റകുറ്റപ്പണികൾ തുടങ്ങിയത്. മൂന്ന് മാസത്തിൽ അധികമായി ലിഫ്റ്റ് പ്രവർത്തന രഹിതമാണ്. കിടപ്പ് രോഗികളെയും മറ്റും ചുമന്നാണ് മുകൾ നിലകളിലേക്ക് എത്തിക്കുകയും ഇറക്കുകയും ചെയ്തിരുന്നത്. ലിഫ്റ്റ് പ്രവർത്തന സജ്ജമാകാൻ 15 ദിവസം എടുക്കുമെന്ന് അധികൃതർ അറിയിച്ചു.
ലിഫ്റ്റ് തകറാറിലായതിനെ തുടര്‍ന്ന് ആറാം നിലയില്‍ നിന്ന് രോഗിയെ സ്ട്രെച്ചറില്‍ ചുമന്ന് താഴെ ഇറക്കിയ സംഭവം ഉണ്ടായിരുന്നു. ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന് താഴെയിറക്കിയത്. ഓട്ടോ ഡ്രൈവറായ രോഗിയെ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും ലിഫ്റ്റ് തകരാറിലായതിനാല്‍ താഴെ എത്തിക്കാന്‍ മാര്‍ഗമില്ലാതായി.
ഇതോടെയാണ് ബന്ധുക്കള്‍ ചുമട്ട് തൊഴിലാളികളെ സമീപിച്ചത്. ബിഎംഎസ് തൊഴിലാളികള്‍ ആറാം നിലയില്‍ നിന്ന് രോഗിയെ ചുമന്ന് താഴെ എത്തിച്ചു. ഡിസ്ചാര്‍ജ് ചെയ്തിട്ടും ലിഫ്റ്റ് ശരിയാകുമെന്ന് പ്രതീക്ഷിച്ച് രണ്ട് ദിവസം കൂടി രോഗിയുടെ ബന്ധുക്കള്‍ കാത്തു നിന്നിരുന്നു. ഒടുവില്‍ ലിഫ്റ്റ് ശരിയാകില്ലെന്ന് അറിഞ്ഞതോടെയാണ് രോഗിയുടെ ബന്ധുക്കള്‍ ചുമട്ട് തൊഴിലാളികളുടെ സഹായം തേടിയത്.
ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയില്‍ റാമ്പ് സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടായിരുന്നു. ലിഫ്റ്റ് തകരാര്‍ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിന്‍റെ അനാസ്ഥ മൂലമാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആരോപിച്ചിരുന്നു.
അതിനിടെ കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടിന് സ്ഥാനക്കയറ്റം നൽകിയ സംഭവം ചർച്ചയായിരുന്നു. ഡോ. കെ കെ രാജാറാമിനെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി നിയമിച്ചു. ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായ വിഷയത്തില്‍ സൂപ്രണ്ടിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ നടപടിയില്ലാതെയായിരുന്നു സ്ഥാനക്കയറ്റം.