CrimeNEWS

ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചു; പോക്സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

കൊച്ചി: പോക്‌സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം ജില്ലാ പോക്‌സോ കോടതി. ഇന്ത്യൻ ശിക്ഷാനിയമത്തിലേയും പോക്‌സോ നിയമത്തിലേയും വകുപ്പുകളിലാണ് മോൻസന് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്‌സോ കേസിലെ അഞ്ചാംവകുപ്പ് പ്രകാരവും ഐ പി സി 370, 376 വകുപ്പുകളിലും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഓരോ വകുപ്പുകളിലും പിഴയും ഈടാക്കിയിട്ടുണ്ട്. പോക്‌സോ ആക്ട് അഞ്ച് പ്രകാരം അഞ്ച് ലക്ഷം രൂപ പിഴ കോടതി വിധിച്ചു. ഈ തുക കെട്ടിവെക്കാൻ കഴിഞ്ഞില്ലെങ്കിൽ ആറ് മാസം കൂടി ജയിലിൽ കഴിയേണ്ടി വരും. ഇത്തരത്തിൽ എല്ലാ വകുപ്പുകളിലും തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മോൻസൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ തുടർന്ന് പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് മോൻസന്റെ എറണാകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ച് നിരന്തരം പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.

Signature-ad

കേസിൽ മോൻസനെതിരായ പത്ത് കുറ്റങ്ങളിലാണ് ശനിയാഴ്ച കോടതി ശിക്ഷ വിധിച്ചത്. പുരാവസ്തുതട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് മോൻസനെതിരേ പോക്സോ പരാതിയുമായി ജീവനക്കാരിയും എത്തിയത്. മോൻസനെ ഭയന്നാണ് നേരത്തെ പരാതി നൽകാതിരുന്നതെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. മോൻസൻ മാവുങ്കലിനെതിരേ മറ്റൊരു ബലാത്സംഗകേസും നിലവിലുണ്ട്. മോൻസനെതിരേയുള്ള പതിനാറു കേസുകളിൽ ആദ്യത്തെ വിധിയാണ് ഇത്. ക്രെംബ്രാഞ്ച് ഡിവൈ.എസ്.പി. വൈ.ആർ.റസ്റ്റത്തിന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് ദ്രുതഗതിയിൽ അന്വേഷണം പൂർത്തിയാക്കി മോൻസനെതിരെ കോടതിയിൽ കുറ്റപത്രം നൽകിയത്. മോൻസന്റെ മാനേജറായ ജോഷി ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു പോക്‌സോ കേസും നിലവിലുണ്ട്. ജോഷിയുടെ കേസിൽ രണ്ടാം പ്രതിയാണ് മോൻസൻ.

Back to top button
error: