KeralaNEWS

സാമ്പത്തിക തട്ടിപ്പ് കേസ്; സുധാകരന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് മോന്‍സണ്‍ മാവുങ്കല്‍

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കല്‍. പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായിരുന്നു മോന്‍സന്‍ മാവുങ്കലിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട് കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും നേരത്തെയും മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞിരുന്നു.

കേസില്‍ കെ സുധാകരന്‍ എംപിയുടെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞിട്ടുണ്ട്. സുധാകരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചായിരുന്നു കോടതിയുടെ നടപടി. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പുക്കേസില്‍ പ്രതിയാക്കിയതോടെയാണ് സുധാകരന്‍ നിയമവഴി തേടിയത്. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. അത് സാഹചര്യത്തിനനുസരിച്ചേ പറയാന്‍ കഴിയൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. ഹര്‍ജി സര്‍ക്കാരിന്റെ മറുപടിയ്ക്കായി കേസ് ഈ മാസം ഇരുപത്തിയൊന്നിലേക്ക് മാറ്റി. മോന്‍സന്‍ മാവുങ്കലിന്റെ സാന്നിധ്യത്തില്‍ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.

Signature-ad

അതേസമയം, മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി. എറണാകുളം ജില്ലാ പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. മോന്‍സനെതിരായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യത്തെ വിധിയാണിത്. പഠിക്കാന്‍ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. മോന്‍സന്റെ ജീവനക്കാരിയുടെ മകളാണിത്.

Back to top button
error: