വിപണിയില്‍ പലതരത്തിലുള്ള കൊതുകുനശീകരണ ഉപാധികളും ഉണ്ടെങ്കിലും ഇതില്‍ പലതും ആരോഗ്യത്തിന് ഹാനികരമാണ് എന്നതാണ് സത്യം. ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് ശ്വാസകോശ സംബന്ധമായ പല അസുഖങ്ങള്‍ക്കും കാരണമാകും. എന്നാല്‍ വീട്ടില്‍ ലഭ്യമായ ചില വസ്തുക്കള്‍കൊണ്ട് എളുപ്പത്തില്‍ കൊതുകിനെ തുരത്താം. ആരോഗ്യപ്രശ്നങ്ങള്‍ ഒട്ടും ഉണ്ടാവില്ല.മാത്രമല്ല പോക്കറ്റ് കാലിയാവുകയുമില്ല. കാപ്പിപ്പൊടി, ആര്യവേപ്പില, പപ്പായ ഇല എന്നിവ കൊതുകിനെ തുരത്താൻ ബെസ്റ്റാണ്.
കാപ്പിപ്പൊടി
ചെറിയ പാത്രങ്ങളില്‍ കാപ്പിപ്പൊടി അല്പം എടുത്ത് വീടിന്റെ പലഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകള്‍ പിന്നെ ആ വഴിക്ക് വരില്ല.
ആര്യവേപ്പ്
ആര്യവേപ്പില ഇട്ട് കാച്ചിയ എണ്ണ ശരീരത്തില്‍ തേച്ച് പിടിപ്പിക്കുക. ഇനി കൊതുകുകടിക്കുമെന്ന ഭീതിയേവേണ്ട. ഉറങ്ങുന്നതിന് മുമ്ബ് എണ്ണ ശരീരത്തില്‍ നിന്ന് കഴുകിക്കളയാൻ മറക്കരുത്.
പപ്പായ ഇല
പപ്പായ ഇല ചതച്ചെടുക്കുന്ന നീര് വെള്ളത്തില്‍ ഒഴിച്ചാല്‍ കൊതുകിന്റെ ലാര്‍വകള്‍ നശിക്കും. അതുപോലെ പപ്പായയുടെ തണ്ടില്‍ മെഴുക് ഉരുകിയൊഴിച്ച് തയ്യാറാക്കുന്ന മെഴുകുതിരിയും കൊതുകിനെ തുരത്താൻ ബെസ്റ്റാണ്.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ തൊലി പേപ്പറില്‍ പൊതിഞ്ഞശേഷം അത് കൊതുകുവരുന്ന ഭാഗത്തുവച്ച് കത്തിക്കുക. കൊതുക് പമ്ബകടക്കും.
കര്‍പ്പൂരം
കൊതുകുകളെ തുരത്താൻ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് കര്‍പ്പൂരം. കതകുകളും ജനാലകളും അടച്ചിട്ട ശേഷം മുറികളില്‍ പല ഭാഗങ്ങളിലായി കര്‍പ്പൂരം കത്തിച്ചു വയ്ക്കുക. ഇതിന്റെ പുക അകത്തളത്തിലെ വായുവില്‍ നിറയുന്നതോടെ കൊതുകുകള്‍ അത് ചെറുത്തു നില്‍ക്കാനാവാതെ സ്ഥലം വിടും. കൊതുക് ശല്യം അധികമില്ലാത്ത സമയമാണെങ്കില്‍ കര്‍പ്പൂരക്കട്ടകള്‍ കത്തിക്കാത്ത നിലയില്‍ തന്നെ പലഭാഗങ്ങളിലായി വയ്ക്കുക. കൂടുതല്‍ കൊതുകുകള്‍ അകത്തേക്ക് കയറാതെ തടയാൻ ഇതിലൂടെ സാധിക്കും.
വേപ്പെണ്ണ
വേപ്പെണ്ണയും മികച്ച ഒരു കൊതുകു നിവാരണിയാണ്. ഇഞ്ചിപ്പുല്ല് എണ്ണയുമായി വേപ്പെണ്ണ കലര്‍ത്തിയശേഷം പലയിടങ്ങളിലായി വയ്ക്കുക. വലിയ ഒരു ബൗളില്‍ വെള്ളം എടുത്ത ശേഷം അതിലേക്ക് ഏതാനും തുള്ളി എണ്ണ ചേര്‍ത്ത് വച്ചാലും മതിയാകും. ഈ ഗന്ധം പരക്കുന്നതോടെ കൊതുകുകള്‍ പിന്നെ അകത്തേക്ക് പ്രവേശിക്കില്ല.
തുളസി
കൊതുകുകള്‍ പെരുകുന്നത് തടയാൻ ഫലപ്രദമായ മാര്‍ഗമാണ് തുളസിനീരിന്റെ ഉപയോഗം. വെള്ളം നീക്കം ചെയ്യാനാവാത്ത വിധം കെട്ടിക്കിടക്കുന്നിടത്തോ കൊതുകുകള്‍ പെറ്റുപെരുകാൻ സാധ്യതയുള്ള മറ്റിടങ്ങളിലോ തുളസി നീര് തളിക്കുക. ഇതോടെ അവയ്ക്ക് അവിടങ്ങളില്‍ മുട്ടയിടാൻ സാധിക്കാതെ വരും.