മംഗലാപുരം-ബാംഗ്ലൂർ റെയില്‍പാതയില്‍ കുക്കെ സുബ്രഹ്മണ്യ മുതല്‍ സകലേശ്പുര വരെയുള്ള ഭാഗം ഇന്ത്യൻ റെയില്‍വേയുടെ ഗ്രീന്‍ റൂട്ട് എന്നാണ് അറിയപ്പെടുന്നത്. 52 കിലോമീറ്റര്‍ ദൂരത്തില്‍ ചെറുതായി പേടിപ്പെടുത്തുന്ന ടണലുകള്‍ മുതല്‍ വെള്ളച്ചാട്ടങ്ങളും പച്ചപ്പുമെല്ലാം ഇവിടെ ആവശ്യത്തിലധികം കാണാം.
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിലെ വ്യത്യാസമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. 906 മീറ്റര്‍ ഉയരത്തിലൂടെ പൊയ്ക്കൊണ്ടിരുന്ന യാത്ര സുബ്രഹ്മണ്യയാകുമ്ബോഴേക്കും വെറും 120 മീറ്റര്‍ ഉയരത്തിലെത്തും. 57 ടണലുകള്‍, 109 പാലങ്ങള്‍ എന്നിങ്ങനെ അതിശയം മാറാത്ത കാഴ്ചകള്‍ ഇവിടെ കാണാം.
രസകരവും പേടിപ്പെടുത്തുന്നതും അതേസമയം കൗതുകം തോന്നിക്കുന്നതുമായ കാഴ്ചകള്‍ ഈ റൂട്ടിലങ്ങോളം കാണാം. വെള്ളച്ചാട്ടങ്ങളും കാടിനകത്തെ മഴയില്‍ കുത്തിയൊലിക്കുന്ന അരുവികളും മാത്രമല്ല, കാടിനുള്ളിലൂടെയുള്ള യാത്രകളും കയറ്റിറക്കങ്ങളും ഒക്കെയുണ്ട്. മണ്ണിടിച്ചിലും പാളത്തില്‍ പാറകള്‍ വീഴുന്നതുമെല്ലാം ഇവിടെ സാധാരണമാണ്.
ഗ്രീൻ റൂട്ട് എന്ന് പറയുന്നത് സക്ലേഷ്പൂരിനും സുബ്രഹ്മണ്യയ്ക്കും ഇടയിലായാണ്. ഈ റൂട്ടില്‍ രണ്ടു വശത്തേയ്ക്കും പകല്‍ നേരത്ത് മൂന്നു ട്രെയിനുകള്‍ വീതമുണ്ട്. ഇവയിലെല്ലാം വിസ്റ്റാഡോം കോച്ചുകളും ഉണ്ട്. സെക്കൻഡ് ക്ലാസ് ടിക്കറ്റെടുത്താല്‍ വെറും 155 രൂപയ്ക്ക് ബാംഗ്ലൂരിലെത്താം. തുറന്നിട്ട ജനലിലൂടെ, മഴയും കാറ്റും കൊണ്ട് വിസ്റ്റാഡോം കാഴ്ചകളേക്കാള്‍ മനോഹരമായി പുറത്തെ കാഴ്ചകള്‍ കാണുകയും ചെയ്യാം.
മംഗലാപുരത്തു നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രയിലാണ് മണ്‍സൂണ്‍ മനോഹരമാക്കിയിരിക്കുന്ന പ്രകൃതിയുടെ കാഴ്ചകള്‍ കാണാൻ സാധിക്കുക. സഹ്യാദ്രിയുടെ ഭംഗി പല ആംഗിളുകളില്‍, വ്യത്യസ്ത ഫ്രെയിമുകളില്‍, കര്‍ണ്ണാടകയുടെ മണ്ണിലൂടെയുള്ള ഈ യാത്രയില്‍ ആസ്വദിക്കാം. മണ്‍സൂണില്‍ മാത്രമല്ല, ഏതു സമയത്തു പോയാലും നിറത്തില്‍ വ്യത്യാസങ്ങളുമായി ഈ കാഴ്ചകള്‍ ഇവിടെത്തന്നെയുണ്ടാകും.