കാണപ്പെട്ട ദൈവമാണ് ഡോക്ടര്‍മാര്‍. ആ വിശ്വാസമായിരുന്നു ജനത്തിനു നാളിതുവരെ. നിങ്ങളുടെ കൈകളില്‍ പ്രതീക്ഷയോടെ ഏല്‍പ്പിച്ച ഒരു ജീവൻ, നിര്‍ദ്ദയനായ കശാപ്പുകാരൻ്റെ ലാഘവത്തോടെ അറുത്തു മുറിച്ചു വില്‍പ്പന നടത്തിയപ്പോള്‍ നിങ്ങളോടുള്ള എല്ലാ വിശ്വാസങ്ങളും തകര്‍ന്നു തരിപ്പണമായി. ഇനിയാരെ വിശ്വസിക്കും ? എങ്ങനെ വിശ്വസിക്കും ?
അവയവക്കച്ചവട ബിസ്സിനസ്സിന് നമ്മളറിയാത്ത പല തലങ്ങളുമുണ്ട്. ആരോരുമില്ലാത്തവരെയും അനാഥരെയും അവയവമാഫിയ ഉപയോഗിക്കുന്നില്ല എന്നാരു കണ്ടു. വളരെ കാര്യക്ഷമമായ ഒരന്വേഷണം ഈ വിഷയത്തില്‍ ഉണ്ടായാല്‍ ഒരുപക്ഷേ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്നേക്കാം.
മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങൾ വിദേശിക്ക് ദാനം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിക്കെതിരെ കോടതി കേസെടുക്കുമ്പോൾ ഉയരുന്നത് ആശങ്കയാണ്.കേരളത്തിലെ പല സ്ഥലത്തും ഇത്തരം തട്ടിപ്പുകളുണ്ടെന്ന സൂചനയുണ്ട്.അവ ഓരോന്നും ഇതുപോലെ പുറത്തുവരും എന്നുതന്നെ കരുതാം.
2009 നവംബര്‍ 29 നാണ് ഇടുക്കി ഉടുമ്ബൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്‍ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ അവയവദാനം നടത്തുകയായിരുന്നു. സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
സംഭവത്തിൽ ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തി സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.