ഭോപ്പാല്‍: നൂറുകണക്കിന് അനുയായികളുടെ അകമ്പടിയോടെ നേതാക്കള്‍ പാര്‍ട്ടിവിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നത് പതിവാണ്. എന്നാല്‍ മദ്ധ്യപ്രദേശിലെ ബിജെപി മുന്‍ നേതാവ് കോണ്‍ഗ്രസില്‍ ചേരാനെത്തിയത് 400 കാറുകളുടെ അകമ്പടിയോടെയാണ്. അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയപ്പോള്‍ കൂടെപ്പോയ ബൈജ്നാഥ് സിംഗാണ് മോഹ ഭംഗത്തെത്തുടര്‍ന്ന് തിരികെ കോണ്‍ഗ്രസിലെത്തിയത്. തന്റെ തിരിച്ചുപോക്ക് നാടൊട്ടുക്ക് ചര്‍ച്ചയാക്കാനാണ് ഇത്രയും കാറുകളെ അകമ്പടിയായി ഒപ്പംകൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്.
കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ കഠിന പരിശ്രമം നടത്തിയ വ്യക്തിയാണ് ബൈജ്നാഥ് സിംഗ്. ശിവപുരി മണ്ഡലത്തില്‍ ഇദ്ദേഹത്തിന് വ്യക്തമായ സ്വാധീനവുമുണ്ട്. അതിനാല്‍ തന്നെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനുവേണ്ട കരുനീക്കങ്ങള്‍ അദ്ദേഹം നേരത്തേ തുടങ്ങിയിരുന്നു. പക്ഷേ, ഉറപ്പുകാെടുക്കാന്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ തയ്യാറായില്ല. പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് ബിജെപി വിട്ട് പഴയ ലാവണത്തിലേക്ക് തിരിച്ചുചെല്ലാന്‍ ബൈജ്നാഥ് തീരുമാനിച്ചത്. ഇക്കാര്യം അറിയിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് അനുകൂല മറുപടിയും കിട്ടി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും ദിഗ്വിജയ സിംഗും ചേര്‍ന്നാണ് ബൈജ്നാഥിനെ പാര്‍ട്ടിയിലേക്ക് തിരികെ സ്വാഗതം ചെയ്തത്. ഇദ്ദേഹത്തിനൊപ്പം ബിജെപിയുടെ പതിനഞ്ച് ജില്ലാതല നേതാക്കളും കോണ്‍ഗ്രസിലെത്തി. ബിജെപി വിടുന്നത് എല്ലാവരെയും അറിയിക്കുന്നതിനായാണ് ബൈജ്നാഥ് ശിവപുരിയില്‍ നിന്ന് 400 കാറുകളുടെ അകമ്പടിയോടെ ഭോപ്പാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പോകാന്‍ തീരുമാനിച്ചത്. ഉച്ചത്തില്‍ ഹോണ്‍മുഴക്കി റോഡിലൂടെ കാറുകള്‍ ചീറിപ്പായുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.