KeralaNEWS

ഓച്ചിറക്കളി നാളെയും മറ്റന്നാളും, ഓണാട്ടുകരയിലെ കളരികൾ സജീവമായി

  ഓണാട്ടുകരയിലെ ആയോധനകലയുടെ വീറും വാശിയും മെയ് വഴക്കവും  പ്രകടമാകുന്ന പ്രസിദ്ധമായ ഓച്ചിറക്കളി 16, 17 തീയതികളില്‍ പടനിലത്ത് നടക്കും. ഇതിനായി കളരികളില്‍ ആശാന്‍മാരുടെ നേതൃത്വത്തിലുള്ള പരീശീലനം അവസാനഘട്ടത്തിലാണ്. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളില്‍നിന്നുള്ള മുന്നൂറോളം കളിസംഘങ്ങളാണ് പടനിലത്ത് അങ്കംവെട്ടുന്നത്. പടയാളികളെ പ്രാപ്തരാക്കുന്നതിന് ഒരുമാസം മുമ്പേ പരിശീലനം തുടങ്ങിയിരുന്നു.

കളരികളില്‍ ദിവസവും പുലര്‍ച്ചയും വൈകിട്ടുമാണ് അഭ്യാസമുറകള്‍ പരിശീലിപ്പിക്കുന്നത്. ഓച്ചിറക്കളി നടക്കുന്ന എട്ടുകണ്ടം, തകിടിക്കണ്ടം എന്നിവ വൃത്തിയാക്കി. ആചാരപ്രകാരമുള്ള ഘോഷയാത്രയും അനുബന്ധ ചടങ്ങുകളും നാളെ രാവിലെ 11.30-ന് ആരംഭിക്കും. ഓച്ചിറക്കളി കൂടുതൽ വർണാഭമാക്കാൻ നൂറുപേരടങ്ങുന്ന സംഘങ്ങളുടെ കളരിപ്പയറ്റും പടനിലത്ത് നടക്കും. കൊല്ലം വെള്ളിമണിലും തഴവ മണപ്പള്ളിയിലുമുള്ള കളരിപ്പയറ്റ് സംഘങ്ങളുടെ പ്രകടനമാണ് അരങ്ങേറുക. ഓച്ചിറക്കളിക്കുശേഷം ഉച്ചയ്ക്ക് ഒന്നര മുതലാണ് കളരിപ്പയറ്റ് നടക്കുകയെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി കെ.ഗോപിനാഥനും പ്രസിഡന്റ് ജി.സത്യനും പറഞ്ഞു.

Signature-ad

ഓച്ചിറക്കളിക്ക് അഭ്യാസികളെ പ്രാപ്തരാക്കുന്നതിന് ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലനം ഇടവം ഒന്നിനുതന്നെ ഓണാട്ടുകരയിലെ കളരികളിൽ ആരംഭിച്ചിരുന്നു. ദിവസവും പുലർച്ചെയും വൈകുന്നേരങ്ങളിലുമാണ് അഭ്യാസമുറകൾ പരിശീലിപ്പിക്കുന്നത്. അഭ്യാസത്തിനും മെയ്‌വഴക്കത്തിനുമുള്ള ചിട്ടകളാണ് ആദ്യം പരിചയപ്പെടുത്തുന്നത്. തുടർന്ന് പ്രത്യേക വായ്‌ത്താരിയോടെയുള്ള 12 ചുവടുകളും 18 അടവുകളും പഠിപ്പിക്കും. അതിനുശേഷം വടി, വാൾ, പരിച, കഠാര തുടങ്ങിയവകൊണ്ടുള്ള വെട്ടും തടയും പരിശീലിപ്പിക്കും.

ഓച്ചിറക്കളിയിൽ പങ്കെടുക്കുന്ന ആശാൻമാർക്ക് ചുവപ്പുനിറത്തിലുള്ള ബനിയനുകളാണ് നൽകുക. ദേശീയപാതയ്ക്കു പടിഞ്ഞാറുഭാഗത്തുനിന്ന്‌ എത്തുന്ന യോദ്ധാക്കൾക്ക് നീലനിറത്തിലും കിഴക്കുഭാഗത്തുനിന്നുള്ളവർക്ക് മഞ്ഞനിറത്തിലുമുള്ള ബനിയനും വിതരണം ചെയ്യും.

ഓച്ചിറക്കളിയിൽ പങ്കെടുക്കുന്നവർക്കായി പടനിലത്തിനു പടിഞ്ഞാറുഭാഗത്തുള്ള സദ്യാലയത്തിലും ഓഫീസിനോടുചേർന്നുള്ള അന്നദാന ഹാളിലും ഭക്ഷണവിതരണമുണ്ട്. 7,000 പേർക്കു ഭക്ഷണം നൽകുന്നുണ്ട്.

Back to top button
error: