മലയാള സിനിമയുടെ തറവാടായിരുന്ന ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകനും സംവിധായകനമായ കുഞ്ചാക്കോ വിട പറഞ്ഞിട്ട് 47 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
കുഞ്ചാക്കോ ചരമദിനം. 1976 ജൂൺ 15നാണ് ഉദയ സ്റ്റുഡിയോ സ്ഥാപകൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ ആദ്യകാല മലയാള സിനിമയുടെ നെടുംതൂണായിരുന്ന കുഞ്ചാക്കോ അന്തരിക്കുന്നത്.
അദ്ദേഹത്തെക്കുറിച്ചുള്ള ചില കൗതുകങ്ങൾ:
1. കോശി എന്നൊരു സുഹൃത്തുമൊത്ത് കെ ആൻഡ് കെ പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു ആദ്യം നിർമ്മാണം. സൂപ്പർഹിറ്റായ ‘ജീവിതനൗക’ അവർ നിർമ്മിച്ച പടമാണ്. അച്ഛൻ എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ വഴി പിരിഞ്ഞു. ‘അച്ഛൻ’ കുഞ്ചാക്കോ ഒറ്റയ്ക്ക് നിർമ്മിച്ചു.
2. ഉദയായുടെ കിടപ്പാടം എന്ന ചിത്രം പരാജയമായി. ഉദയ പൂട്ടേണ്ടി വന്നു. സുഹൃത്തും മന്ത്രിയുമായിരുന്ന ടി.വി തോമസ് രക്ഷയ്ക്കെത്തി. പിന്നെ ഉദയായുടെ കാലമാണ്. 1960ൽ സംവിധായകനെന്ന നിലയിൽ ഹാട്രിക് വിജയങ്ങൾ – ഉമ്മ, നീലിസാലി, സീത.
3. ഉദയ നിർമ്മിച്ച് മറ്റ് സംവിധായകർ സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ ചിലത്: ഗന്ധർവ്വക്ഷേത്രം (എ വിൻസെന്റ്. തകഴിയുടെ കഥയിൽ തോപ്പിൽ ഭാസിയുടെ രചന). കൂട്ടുകുടുംബം (കെഎസ് സേതുമാധവൻ. തോപ്പിൽ ഭാസിയുടെ രചന). ജ്വാല (എം കൃഷ്‌ണൻനായർ. കാനം ഇ ജെയുടെ കഥയിൽ എസ് എൽ പുരത്തിന്റെ സംഭാഷണം).
4. കുഞ്ചാക്കോ നിർമ്മിച്ച് സംവിധാനം ചെയ്‌ത ചിത്രമാണ് ഭാര്യ (1962). സ്ഥിരം ഗാനവിഭാഗം വയലാർ-ദേവരാജൻ. യേശുദാസ് എന്നൊരു ചെറുപ്പക്കാരന് അവസരം കൊടുക്കണമെന്ന് ദേവരാജൻ. എഎം രാജയുടെ കാലമാണ്. അതിലെ പെരിയാറേ പെരിയാറേ, മനസമ്മതം തന്നാട്ടെ എന്നീ ഗാനങ്ങൾ രാജയ്ക്ക് കൊടുത്തു കഴിഞ്ഞു. ഒരു ഹ്യൂമർ പാട്ടുണ്ട്. പഞ്ചാരപ്പാലുമിട്ടായി. അത് ദാസിന് കിട്ടി. ജാനകിയുടെ ആദ്യഹിറ്റ് ഗാനവും ‘ഭാര്യ’യിലേതാണ്. ‘കാണാൻ നല്ല കിനാവുകൾ’.
5. കുഞ്ചാക്കോ സംവിധാനം ചെയ്‌ത മിക്ക ചിത്രങ്ങളുടെയും രചന ആലപ്പുഴക്കാരൻ ടികെ ശാരംഗപാണിയുടേതാണ്. അദ്ദേഹം എഴുതിയ ‘കണ്ണപ്പനുണ്ണി’യുടെ ചിത്രീകരണവേളയിലാണ് കുഞ്ചാക്കോ മരിക്കുന്നത്.
6. ഉദയ പിന്നീട് ക്ഷയിച്ചു. സ്റ്റുഡിയോ വളപ്പിൽ ഗ്ലാസ് ഫാക്‌ടറി തുടങ്ങി. കൊച്ചുമകൻ കുഞ്ചാക്കോ ബോബൻ ഉദയായുടെ പേരിൽ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രം നിർമ്മിച്ചു. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളുടെ സഹനിർമ്മാണവും ചാക്കോച്ചന്റേതായിരുന്നു.