തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യമാണ് കാലം ആവശ്യപ്പെടുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തൃശ്ശൂരിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ സ്വേച്ഛാധിപത്യ സർക്കാരിനെ കേന്ദ്ര ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ മറ്റെല്ലാം മറന്ന് രാഷ്ട്രീയ കക്ഷികൾ ഒന്നിച്ച് നിൽക്കേണ്ട സമയമാണ്. ഇടത് പാർട്ടികൾക്ക് യോജിക്കാനാവാത്ത പലതും ബൂർഷ്വാ പാർട്ടികളിലുണ്ടാകും. യോജിക്കാൻ കഴിയുന്ന മേഖലകൾ കണ്ടെത്തുകയാണ് പ്രായോഗിക രാഷ്ട്രീയം. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളോട് മുഖം തിരിച്ച് നിൽക്കുന്ന കക്ഷികൾക്ക് രാഷ്ട്രീയത്തിൽ എത്ര കാലം നിൽക്കാൻ കഴിയുമെന്നത് സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
മോദി അധികാരത്തിലെത്തിയ 2014 ലും 2019 ലും ബിജെപിക്കെതിരെ വോട്ട് ചെയ്തവരായിരുന്നു കൂടുതലെന്ന് അദ്ദേഹം പറഞ്ഞു. 60 ശതമാനത്തിലധികം പേർ ബിജെപിക്കെതിരെ വോട്ട് ചെയ്തിട്ടും ന്യൂനപക്ഷമായ ബിജെപി അധികാരത്തിലെത്തി. 2024 ലെ തെരഞ്ഞെടുപ്പിൽ ഈ ചോദ്യമാണ് ഉയർന്ന് നിൽക്കുന്നത്. ബിജെപി അധികാരത്തിൽ വരാതിരിക്കാനും ജനാധിപത്യം സംരക്ഷിക്കാനും മറ്റെല്ലാം മറന്ന് രാഷ്ട്രീയ കക്ഷികൾ ഒന്നിച്ചു നിൽക്കേണ്ട സമയമാണ്. സംസ്ഥാനങ്ങളുടെ പ്രത്യേക അവകാശങ്ങളോ, രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളോ അല്ല, മറിച്ച് ഈ സ്വേച്ഛാധിപത്യ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ എന്താണ് ചെയ്യണ്ടെതെന്നും പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾക്ക് കഴിയുമോയെന്ന ചോദ്യവുമാണ് ഉയരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അത് സാധ്യമായാൽ ബിജെപിയെ കേന്ദ്ര അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയും. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയുമെന്ന് കർണാടക തെരഞ്ഞെടുപ്പ് തെളിയിക്കുന്നുണ്ട്. മോദി തന്നെ നിരവധി തവണ പ്രചാരണം നടത്തിയിട്ടും കർണാടകത്തിൽ ബിജെപിയെ ജനങ്ങൾ പരാജയപ്പെടുത്തി. കോൺഗ്രസിന് കർണാടകത്തിൽ വിജയിക്കാൻ കഴിഞ്ഞു. അതിന്റെ അർത്ഥം കോൺഗ്രസിന് എല്ലാ അർത്ഥത്തിലും അതിന് അർഹതയുണ്ടെന്നതാണ്. മറ്റെല്ലാ കക്ഷികളെയും ഒരുമിപ്പിക്കാനും ശാക്തീകരിക്കാനും പരസ്പരം സഹകരിക്കാനും തയ്യാറാകുന്ന ഘട്ടം രാഷ്ട്രീയത്തിൽ ആവശ്യമാണെന്നും അതാണ് കാലം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് പ്രാദേശിക ഭരണകൂടങ്ങളെ തകർക്കാൻ നോക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. കേരളത്തിൽ ഈ ശ്രമം വിജയിച്ചില്ല. ഇപ്പോൾ തമിഴ്‌നാട്ടിൽ അതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.