KeralaNEWS

മോന്‍സന്‍ കേസില്‍ സുധാകരന് വീണ്ടും േനാട്ടീസ്; ഈ മാസം 23 ന് ഹാജരാകണം

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിക്ക് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 23ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നെങ്കിലും സാവകാശം വേണമെന്ന് സുധാകരന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സാവകാശം അനുവദിച്ച് ക്രൈംബ്രാഞ്ച് പുതിയ തീയതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ നാളെ അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നാണു വിവരം.

അതേസമയം, മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും കേസില്‍ എങ്ങനെ പ്രതിയായെന്നു പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സുധാകരന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതുപോലെ ഇന്നു ഹാജരാവില്ല. കോഴിക്കോട്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാംപ് ഉള്ളതിനാല്‍ സാവകാശം ആവശ്യപ്പെടും. ഹൈക്കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിഭാഷകരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വനം മന്ത്രിയായിരുന്ന കാലത്തു കോടികള്‍ ഉണ്ടാക്കാമായിരുന്ന സന്ദര്‍ഭം ഉപയോഗിച്ചിട്ടില്ലെന്നും, താന്‍ കാശു വാങ്ങിയെന്ന് ആരെങ്കിലും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ തയാറാണെന്നും സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു.

Signature-ad

മോന്‍സന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി.അഹമ്മദ്, സലീം എടത്തില്‍, എം.ടി.ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഗള്‍ഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നു മോന്‍സന്‍ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാര്‍ പറയുന്നു. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന ഈ തുക പിന്‍വലിക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല.

Back to top button
error: