ബംഗളൂരു: നഗരത്തില്‍ യു.എസ് ആസ്ഥാനമായുള്ള കമ്പനിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയര്‍ത്തിയ മലയാളി പിടിയില്‍. ഇതേ കമ്പനിയിലെ ജീവനക്കാരനായ പ്രസാദ് നവനീതാണ് ബംഗളൂരു പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
മോശം പ്രകടനങ്ങള്‍ കാരണം കമ്പനി പ്രസാദിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കമ്പനിയിലേക്കുള്ള പ്രവേശനവും നിഷേധിച്ചിരുന്നു. തുടര്‍ന്നുണ്ടായ പ്രകോപനമാണ് കമ്പനിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയര്‍ത്താന്‍ ഇയാളെ പ്രേരിപ്പിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്റെ സ്വകാര്യ നമ്പറില്‍ നിന്ന് കമ്പനിയിലേക്ക് വിളിച്ച പ്രസാദ് ഓഫീസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിമുഴക്കി. അല്‍പസമയത്തിനകം സ്‌ഫോടനമുണ്ടാകുമെന്നും ഇയാള്‍ കമ്പനി ജീവനക്കാരോട് പറഞ്ഞു. തുടര്‍ന്ന് കമ്പനി ജീവനക്കാര്‍ പോലീസില്‍ വിവരമറയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നായ അടക്കമുള്ള സംഘം സ്ഥലത്തെത്തുകയും കെട്ടിടത്തില്‍നിന്ന് എല്ലാവരെയും ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
മലയാളിയായ പ്രസാദ് നവനീത് ബ്യാപനഹള്ളിയിലാണ് താമസിക്കുന്നത്. ജോലി നഷ്ടപ്പെടുമെന്നതില്‍ ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.