ചെന്നൈ: തട്ടിപ്പുകേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ പൊട്ടിക്കരഞ്ഞ് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ വി. സെന്തില്‍ ബാലാജി. ബുധനാഴ്ച രാവിലെയാണ് ബാലാജിയെ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടു പോയത്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലി വാഗ്ദനം ചെയ്ത് പണം തട്ടിയെടുത്തു എന്നാണ് ബാലാജിക്കെതിരായ കേസ്. നിലവില്‍ ഡിഎംകെ സര്‍ക്കാരില്‍ വൈദ്യുതി – എക്‌സൈസ് മന്ത്രിയാണ്.
#WATCH | Tamil Nadu Electricity Minister V Senthil Balaji breaks down as ED officials took him into custody in connection with a money laundering case and brought him to Omandurar Government in Chennai for medical examination pic.twitter.com/aATSM9DQpu
— ANI (@ANI) June 13, 2023
17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ഒമന്‍ഡുരാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വന്‍സുരക്ഷയൊരുക്കിയ ഇഡി, കേന്ദ്രസേനയെ വിന്യസിച്ചു. എയിംസില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും മന്ത്രിയെ പരിശോധിക്കാനെത്തും. തമിഴ്‌നാട് മന്ത്രിമാര്‍ ബാലാജിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
മന്ത്രിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഡിഎംകെ രംഗത്തെത്തി. ബാലാജിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ഡിഎംകെ ആരോപിച്ചു. അറസ്റ്റിനെ നിയമപരമായി നേരിടുമെന്ന് നിയമമന്ത്രി എസ്.രഘുപതിയും ബിജെപിയുടെ വിരട്ടല്‍ രാഷ്ട്രീയത്തില്‍ പേടിക്കില്ലെന്ന് മന്ത്രി ഉദയനിധി സ്റ്റാലിനും പ്രതികരിച്ചു. തമിഴ്‌നാട് സെക്രട്ടേറിയറ്റിനുള്ളിലും സെന്തില്‍ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലും അടക്കം 6 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.