തൃശൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളിമണ്ണില്‍ ചുട്ടെടുത്ത 80 സെന്റീമീറ്റര്‍ വ്യാസമുള്ള എട്ട് കട്ടിയുള്ള റിംഗുകള്‍ കൊണ്ട് നിര്‍മ്മിച്ച കിണര്‍ കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം അഞ്ചാംപരത്തിയില്‍ കണ്ടെത്തി. മാലിന്യം കുഴിച്ചു മൂടാന്‍ താഴ്ചയില്‍ കുഴിയെടുക്കുമ്പോഴാണ് പി.കെ ഗാര്‍ഡന്‍, പൂവത്തുംകടവില്‍ പാര്‍ത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തില്‍ നിര്‍മ്മിതി കണ്ടെത്തിയത്. ഭൂനിരപ്പില്‍ നിന്നും ഏഴടി താഴ്ചയിലാണ് കിണര്‍ തുടങ്ങുന്നത്. ഇത്രയും മണ്ണ് കിണറിന് മുകളില്‍ കാണുന്നത് ഇതിന്റെ കാലപ്പഴക്കം കാണിക്കുന്നു.
അഡ്വാന്‍സ് കാര്‍ബണ്‍ ഏജ് ടെസ്റ്റ് വഴി കൃത്യമായ പഴക്കം നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് പുരാവസ്തു വകുപ്പ്. 2021 ജൂെൈലയില്‍ തമിഴ്നാട്ടിലെ കീലടിയിലെ ഉത്ഖനനത്തില്‍ കണ്ടെത്തിയ ടെറാക്കോട്ട റിംഗ് വെല്ലിന് സമാനമാണ് ഈ നിര്‍മ്മിതി. ഇവിടത്തെ കിണറിന് 2000 വര്‍ഷം പഴക്കമുണ്ടെന്ന് കാര്‍ബണ്‍ ഡേറ്റിംഗ് ടെസ്റ്റില്‍ തെളിഞ്ഞിരുന്നു.
തൃക്കണ്ണാ മതിലകം, തിരുവഞ്ചിക്കുളവം, മുസരിസ് ഉള്‍പ്പെടുന്ന ഈ മേഖലയുടെ ചരിത്ര പ്രാധാന്യം പരിഗണിച്ചാല്‍ ക്ഷേത്രങ്ങളും പാഠശാലകളും കൃഷിയും ശുദ്ധജല സംവിധാനങ്ങളുമുള്ള പ്രാചീന പരിഷ്‌കൃത സമൂഹം ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്നതിന്റെ സൂചനയാണ് ഇതെന്ന് കരുതുന്നതായി പുരാവസ്തു വിദഗ്ദ്ധര്‍ പറയുന്നു. ചേര രാജ്യത്തിന്റെ തലസ്ഥാനവും മൂവായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രീക്കുകാരും റോമാക്കാരുമൊക്കെ കുരുമുളക് കച്ചവടത്തിനായി വന്നെത്തിയ പ്രാചീന തുറമുഖമായിരുന്നു മുസിരിസ്. ചരിത്രാംശം ഒട്ടും ചോര്‍ന്നുപോകാതെ ഭാവി തലമുറയ്ക്കും ചരിത്ര ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗപ്പെടും ശേഷിപ്പായി പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ സൂക്ഷിക്കാനാണ് സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ മാഷിന്റെ തീരുമാനം.
സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടര്‍ എം.ആര്‍.രാഘവ വാര്യര്‍ അടങ്ങുന്ന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.