സിനിമാപ്രേമികൾക്കിടയിൽ എക്കാലവും താൽപര്യം ഉണർത്തിയിട്ടുള്ള ജോണർ ആണ് ത്രില്ലർ സിനിമകൾ. എന്നാൽ ഒടിടിയിലൂടെ ലോകമെമ്പാടുമുള്ള ത്രില്ലറുകൾ സിനിമകളായും സിരീസുകളായും കാണുന്ന ഇന്നത്തെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുക സംവിധായകന് വലിയ വെല്ലുവിളി ഉയർത്തുന്ന കാര്യവുമാണ്. അതിനാൽത്തന്നെ ഏറെ സൂക്ഷിച്ച് മാത്രമാണ് സംവിധായകർ ഇന്ന് ത്രില്ലർ സിനിമകൾ ചെയ്യുന്നത്. ഇപ്പോഴിതാ തമിഴ് സിനിമയിൽ നിന്ന് ഒരു ത്രില്ലർ ചിത്രം കൈയടി നേടുകയാണ്. വിഗ്നേഷ് രാജ സംവിധാനവും സഹരചനയും നിർവ്വഹിച്ചിരിക്കുന്ന പോർ തൊഴിൽ എന്ന ചിത്രമാണ് അത്.
ശരത് കുമാറും അശോക് സെൽവനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ചയാണ് (ജൂൺ 9) തിയറ്ററുകളിൽ എത്തിയത്. റിലീസ് ദിനത്തിൽ തമിഴ്നാട്ടിൽ നിന്ന് 93 ലക്ഷം മാത്രം നേടിയ ചിത്രം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയെ തുടർന്ന് ശനി, ഞായർ ദിനങ്ങളിൽ കളക്ഷനിൽ ഇരട്ടിയിലേറെ വർധന നേടി. ശനിയാഴ്ച 2.17 കോടിയും ഞായറാഴ്ച 2.65 കോടിയുമാണ് നേട്ടം. അതായത് ആദ്യ മൂന്ന് ദിനങ്ങളിൽ നിന്ന് 5.75 കോടി. തമിഴ്നാട്ടിൽ നിന്ന് മാത്രമുള്ള കണക്കാണ് ഇത്. കേരളമുൾപ്പെടെയുള്ള മറ്റ് മാർക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണം നേടുന്നുണ്ട്. ഒപ്പം പുതിയ വിദേശ വിപണികളിലേക്കും എത്തുന്നു.
നിഖില വിമൽ നായികയായ ചിത്രത്തിൽ ശരത്ത് ബാബു, ഒ എ കെ സുന്ദർ, സുനിൽ സുഖദ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അൽഫ്രഡ് പ്രകാശിനൊപ്പം വിഗ്നേഷ് രാജയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. കലൈയരസൻ ശിവാജിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗം എഡിറ്റിംഗ്, സംഗീതം ജേക്സ് ബിജോയ്, എപ്ലോസ് എൻറർടെയ്ൻമെൻറ്, ഇ 4 എക്സ്പെരിമെൻറ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ ബാനറുകളാണ് നിർമ്മാണം.