CrimeNEWS

ബംഗളുരുവില്‍ വിദേശ യൂട്യൂബ് വ്‌ളോഗര്‍ക്ക് നേരെ കയ്യേറ്റം, ഓടി രക്ഷപ്പെടേണ്ട ഗതികേടില്‍ ഡച്ച് സ്വദേശി

ബംഗളുരു: ചിക്‌പേട്ടിലുള്ള ചോര്‍ബസാര്‍ മാര്‍ക്കറ്റില്‍ വിദേശ യൂട്യൂബ് വ്‌ളോഗര്‍ക്ക് നേരെ കയ്യേറ്റം. പെദ്രോ മോത എന്ന ഡച്ച് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ചോര്‍ ബസാറിലൂടെ മൊബൈലുമായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് കച്ചവടക്കാരില്‍ ഒരാള്‍ പെദ്രോയെ കയ്യേറ്റം ചെയ്തത്. പ്രകോപനങ്ങളൊന്നും കൂടാതെയായിരുന്നു കയ്യേറ്റം. കച്ചവടക്കാരന്‍ പെദ്രോയുടെ കൈ പിടിച്ച് വലിക്കുകയും മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സഹിതമാണ് പെദ്രോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാഡ്‌ലി റോവര്‍ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ വ്‌ളോഗറാണ് ഞായറാഴ്ച ആക്രമിക്കപ്പെട്ടത്. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഞായറാഴ്ച മാര്‍ക്കറ്റ് എന്ന പേരിലും ചോര്‍ബസാര്‍ പ്രസിദ്ധമാണ്. വീഡിയോ പുറത്ത് വന്നതോടെ ചിക്‌പേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കയ്യേറ്റം ചെയ്തയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വിശദമാക്കി. ചിക്‌പേട്ടിലെ തെരുവ് കച്ചവടക്കാരനായ നവാബ് ഹയാത്ത് ഷെരീഫാണ് അറസ്റ്റിലായത്. ബെംഗളുരു സ്വദേശിയായ മുദസ്സിര്‍ അഹമ്മദാണ് വീഡിയോ പുറത്ത് വന്നതോടെ പൊലീസില്‍ പരാതി നല്‍കിയത്.

Signature-ad

കഴിഞ്ഞ ഡിസംബറില്‍ വിദേശ വനിതാ യുട്യൂബര്‍ക്ക് നേരെ മുംബൈയില്‍ ആക്രമണമുണ്ടായിരുന്നു. മുംബൈയിലെ തെരുവില്‍ വെച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ള യൂട്യൂബറായ മ്യോചി എന്ന യുവതിക്ക് നേരെ അതിക്രമം നടന്നത്.

 

 

Back to top button
error: