കൊച്ചി: കെ. വിദ്യക്കും കാലടി മുൻ വിസി ഡോ. ധർമരാജ് അടാട്ടിനുമെതിരെ എഐഎസ്എഫ് പ്രമേയം. എറണാകുളം ജില്ലാ സമ്മേളനത്തിലാണ് പ്രമേയം. കാലടി സർവ്വകലാശാല വിദ്യാർത്ഥികളായ കുഞ്ഞിമുഹമ്മദ്, റൈഫൻ എന്നിവർ ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യ ഉന്നത വിദ്യഭ്യാസ മേഖലക്ക് കളങ്കമുണ്ടാക്കി. മുൻ എസ്.എഫ്.ഐ നേതാവ് വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം സംവരണം അട്ടിമറിച്ചാണെന്ന എസ് സി, എസ്.ടി സെൽ കണ്ടെത്തൽ തള്ളിയ കാലടി സർവകലാശാല മുൻ വൈസ് ചാൻസലറുടെ നടപടി പ്രതിഷേധാർഹമാണ്. അഴിമതി ആരോപണത്തിൽ ധർമ്മരാജ് അടാട്ടിനെതിരെ അന്വേഷണം വേണമെന്നും എ.ഐ.എസ്.എഫ് പ്രമേയത്തിൽ പറയുന്നു.
വ്യാജരേഖാ വിവാദത്തിൽ പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സർക്കാരിന് സംസ്ഥാനത്തെ സർവകലാശാലകളെ നിയന്ത്രിക്കണമെങ്കിൽ അതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
വിദ്യയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ ചോദ്യം. കേരളത്തിലെ സർവകലാശാലകൾക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകളിലും കോളേജുകളിലും കേരളത്തിൽ യൂണിയൻ പ്രവർത്തനങ്ങളും പുറത്തു നിന്നുള്ള ഇടപെടലുകളുടെയും അതിപ്രസരമാണെന്ന് അദ്ദേഹം ആവർത്തിച്ചിരുന്നു. സംസ്ഥാന സർക്കാരിന് കോളേജുകളുടെയും സർവകലാശാലകളുടെയും കാര്യത്തിൽ ഇടപെടണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അത് പ്രത്യേക വകുപ്പായി വേണം കൈകാര്യം ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു.