Fiction

സന്തോഷം സ്വന്തം ഉള്ളിൽ തന്നെയുണ്ട്, അത് കണ്ടെത്താൻ വൃഥാ അലയേണ്ടതില്ല

വെളിച്ചം

   ഒരിക്കല്‍ ദൈവത്തിന് തോന്നി മനുഷ്യന് സന്തോഷത്തിന്റെ വില അറിയില്ല എന്ന്. അതുകൊണ്ടു തന്നെ അത് ഒളിപ്പിച്ചു വയ്ക്കാന്‍ ദൈവം തീരുമാനിച്ചു. എവിടെ ഒളിപ്പിക്കണമെന്ന കാര്യത്തില്‍ പലരോടും അഭിപ്രായം ചോദിച്ചു. ചിലര്‍ പറഞ്ഞു കടലിനടിയില്‍ എന്ന്, ചിലര്‍ മണ്ണില്‍ കുഴിച്ചിടാന്‍ നിര്‍ദ്ദേശിച്ചു, മറ്റുചിലര്‍ പറഞ്ഞു കൊടുമുടിയുടെ മുകളില്‍ കൊണ്ടുവെച്ചാല്‍ അവന്‍ അന്വേഷിച്ചെത്താന്‍ സാധ്യതയില്ലെന്ന്. അപ്പോഴാണ് വേറൊരാള്‍ പറഞ്ഞത്:

“ഈ സ്ഥലങ്ങളിലൊക്കെ വെച്ചാല്‍ അവന്‍ അന്വേഷിച്ച് കണ്ടെത്തും, അതുകൊണ്ട് നമുക്കിത് അവന്റെ ഹൃദയത്തില്‍ നിക്ഷേപിക്കാം. അവിടെ തിരയുന്നതിനെക്കുറിച്ച് അവന്‍ ചിന്തിക്കുകയേ ഇല്ല.. ഇനി ആരെങ്കിലും അന്വേഷിച്ച് അവിടെയെത്തി എന്ന് കരുതട്ടെ.. അവന് യഥാര്‍ത്ഥ ആനന്ദം ലഭിക്കുകയും ചെയ്യും…”

സന്തോഷം നേടാന്‍ പുറംപണിക്കാര്‍ക്ക് കരാര്‍ കൊടുക്കരുത്. അവന്‍ എക്കാലവും കൂടെയുണ്ടാകണെമെന്നില്ല. മാത്രല്ല, എന്നും ഒരുപോലെയാകുകയുമില്ല. സൗഹൃദത്തിലോ സമ്പത്തിലോ സന്തോഷനിക്ഷേപം നടത്തുന്നവര്‍ എക്കാലവും സന്തോഷവാന്മാർ ആയിരിക്കുകയില്ല. സമ്പത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകും, സൗഹൃദങ്ങള്‍ അപ്രത്യക്ഷമാകും. ഒന്നിനോടും ഒട്ടിച്ചേരാതെ എല്ലാറ്റിനെയും അനുപേക്ഷണീയ അകലത്തില്‍ നിര്‍ത്തിയാല്‍ അവനവന്റെ ഉളളിലെ സമാധാനം കണ്ടെത്താം. ഉള്ളില്‍ നിന്നും പുറപ്പെടുന്നവയെ ഇല്ലാതാക്കാന്‍ ആര്‍ക്കുമാകില്ല. അതുകൊണ്ടുതന്നെ തീര്‍ത്ഥയാത്രകള്‍ സ്വന്തം ആത്മാവിലേക്കാകട്ടെ.. അവിടെ നമുക്ക് നമ്മുടെ ഉള്ളിലെ നിധി കണ്ടെത്താനാകട്ടെ.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: