KeralaNEWS

ഒന്നിച്ചുജീവിക്കാന്‍ തുടങ്ങിയതോടെ അവളെ തട്ടിക്കൊണ്ടുപോയി; പരാതിയുമായി പങ്കാളി സുമയ്യ ഷെറിന്‍

കൊച്ചി: തന്റെ പങ്കാളിയെ കുടുംബം തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന പരാതിയുമായി യുവതി. മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയായ സുമയ്യയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതി ഒരുമിച്ച് താമസിക്കാന്‍ അനുമതി നല്‍കിയ ലെസ്ബിയന്‍ ദമ്പതികളാണ് സുമയ്യ ഷെറിനും ഹഫീഫയും. എന്നാല്‍, പങ്കാളി ഹഫീഫയെ അവളുടെ വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയി തടങ്കലില്‍ വെച്ചിരിക്കുകയാണ് എന്നാണ് യുവതി ആരോപിക്കുന്നത്.

വീട്ടുകാര്‍ തന്റെയടുത്ത് നിന്നും പിടിച്ചുകൊണ്ടുപോയ പങ്കാളിക്കായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ് സുമയ്യ. പ്ലസ് ടു പഠന കാലത്താണ് സുമയ്യയും അഫീഫയും അടുപ്പത്തിലാകുന്നത്. ആദ്യം സൗഹൃദം ആയിരുന്നു. ഇത് പിന്നീട് പ്രണയം ആയി മാറുകയായിരുന്നു. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് ഇവര്‍ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയതോടെ ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയിരുന്നു.

എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഇരുവരും സ്വമേധയാ ഹാജരായി. തങ്ങള്‍ പ്രണയത്തിലാണെന്നും, ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും ഇരുവരും പോലീസിനെ അറിയിച്ചു. പ്രായപൂര്‍ത്തി ആയതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി ഇരുവരും വാങ്ങുകയും ചെയ്തു. എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് ഒരുമിച്ച് കഴിയുകയായിരുന്നു പിന്നീട് ഇരുവരും. എന്നാല്‍, മെയ് മാസം മുപ്പതിന് വീട്ടുകാരെത്തി ഹഫീഫയെ ബലമായി കൊണ്ടുപോയി എന്നാണ് സുമയ്യ ആരോപിക്കുന്നത്.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹഫീഫയെ ഇന്ന് ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഹഫീഫ കോഴിക്കോട് ആയതിനാല്‍ പത്ത് ദിവസത്തെ സാവകാശം വേണമെന്ന് കുടുംബത്തിനായി അഭിഭാഷകന്‍ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. കൂടുതല്‍ ദിവസം വീട്ടില്‍ നിര്‍ത്തിയാല്‍ ഹഫീഫയുടെ സുരക്ഷയെ ബാധിക്കുമെന്നാണ് സുമയ്യ ഷെറിന്‍ പറയുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: