CrimeNEWS

പണിതീരാത്ത കെട്ടിടത്തില്‍ കാമുകനൊപ്പം ബിയര്‍ പാര്‍ട്ടി; ഏഴാംനിലയില്‍നിന്ന് വീണ് 19 വയസുകാരിക്ക് ദാരുണാന്ത്യം

മുംബൈ: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഏഴാംനിലയില്‍നിന്ന് വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മുംബൈ പന്‍വേല്‍ സ്വദേശിനിയായ 19 വയസുകാരിയാണ് നവിമുംബൈ ബേലാപുരിലെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

കാമുകനും മറ്റൊരു സുഹൃത്തിനും ഒപ്പം ‘ബിയര്‍ പാര്‍ട്ടി’ക്കായാണ് പെണ്‍കുട്ടി കെട്ടിടത്തിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ അബദ്ധത്തില്‍ കാല്‍തെന്നിവീണെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിന് നല്‍കിയ മൊഴി. ഏഴാംനിലയില്‍നിന്ന് ഒന്നാംനിലയിലേക്കാണ് പെണ്‍കുട്ടി വീണതെന്നും തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരപരിക്കേറ്റ പെണ്‍കുട്ടിയെ ചോരയില്‍ കുളിച്ചനിലയിലാണ് കണ്ടതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ബേലാപുര്‍ സ്വദേശിയും ഷോപ്പിങ് മാളിലെ ജീവനക്കാരനുമായ 20 വയസുകാരനാണ് പെണ്‍കുട്ടിയുടെ കാമുകന്‍. ഇവരുടെ സുഹൃത്തായ 23 വയസുകാരനും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു. പാതിവഴിയില്‍ സ്‌കൂള്‍ പഠനം നിര്‍ത്തിയ പെണ്‍കുട്ടിയും കാമുകനും തമ്മില്‍ ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വിവാഹത്തിന് വീട്ടുകാരും സമ്മതിച്ചിരുന്നു. ഇതോടെ പെണ്‍കുട്ടി കാമുകന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതും പതിവായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് കാമുകന്റെ വീട്ടില്‍ പാര്‍ട്ടി നടത്താനായിരുന്നു മൂവര്‍സംഘം ആദ്യംതീരുമാനിച്ചിരുന്നത്. എന്നാല്‍ വീടിന് പുറത്ത് മറ്റൊരിടത്ത് പാര്‍ട്ടി നടത്താമെന്ന് പെണ്‍കുട്ടി നിര്‍ബന്ധം പിടിച്ചതോടെ മൂവരും ഷോപ്പിങ് മാളിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് വരികയായിരുന്നു. കെട്ടിടത്തിലെ ഏഴാംനിലയിലാണ് ഇവര്‍ ആഘോഷത്തിനായി ഒത്തുകൂടിയത്. ഇതിനിടെ കാമുകന്‍ സ്ഥലത്തുനിന്നു മാറിയപ്പോള്‍ പെണ്‍കുട്ടി പിന്നാലെ പോയെന്നും ഇതിനിടെ കാല്‍തെന്നി വീണെന്നുമാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

പ്രാഥമികഘട്ടത്തില്‍ അപകടമരണമെന്നനിലയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കെട്ടിടത്തിന്റെ ഏഴാംനിലയില്‍നിന്ന് ഒഴിഞ്ഞ ബിയര്‍കുപ്പികള്‍ കണ്ടെടുത്തതായും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പോലീസ് പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: