IndiaNEWS

സുപ്രിയയും പ്രഫുല്‍ പട്ടേലും എന്‍.സി.പി. വര്‍ക്കിങ് പ്രസിഡന്റുമാര്‍; അജിത് പവാറിന് സ്ഥാനമില്ല

ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. എന്‍.സി.പി വൈസ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍, എം.പി സുപ്രിയ സുലെ എന്നിവരെയാണ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ചത്. എന്നാല്‍, എന്‍.സി.പി നേതൃത്വത്തിലെ പ്രധാനികളിലൊരാളായ അജിത് പവാറിനെ പ്രധാന സ്ഥാനങ്ങളിലേക്കൊന്നും പരിഗണിച്ചിട്ടില്ല. ശനിയാഴ്ച ഡല്‍ഹിയില്‍ വച്ചായിരുന്നു പ്രഖ്യാപനം.

1999-ല്‍ ശരദ് പവാറിന്റെയും പി.എ സാങ്മയുടെയും നേതൃത്വത്തിലാണ് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കുന്നത്. പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചതായി ശരദ് പവാര്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ തങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണെന്നും എന്‍.സി.പി അധ്യക്ഷന്‍ വ്യക്തമാക്കി.

പുതിയ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചതില്‍ അധ്യക്ഷന്‍ ശരദ് പവാറിനോടും പാര്‍ട്ടി പ്രവര്‍ത്തകരോടും നന്ദിയുണ്ടെന്ന് സുപ്രിയ സുലെ അറിയിച്ചു. എന്‍സിപിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി താന്‍ പ്രവര്‍ത്തിക്കും. രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും സുപ്രിയ ട്വിറ്ററില്‍ കുറിച്ചു.

ശരദ് പവാറിന്റെ മകളാണ് ബരാമതി എം.പി കൂടിയായ സുപ്രിയ. മഹാരാഷ്ട്ര, ഹരിയാണ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് സുപ്രിയ സുലെയ്ക്ക് നല്‍കിയിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് പ്രഫുല്‍ പട്ടേലിനുള്ളത്.

പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ താന്‍ തുടരുന്നുണ്ടെങ്കിലും ഒരു പിന്‍ഗാമി ആവശ്യമാണെന്ന് താന്‍ തിരിച്ചറിയുന്നതായി ശരദ് പവാര്‍ പറഞ്ഞു. ഇനിയുള്ള കാലങ്ങളില്‍ പുതിയ ചുമതലകള്‍ നല്‍കി പാര്‍ട്ടിയില്‍ സംഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: