CrimeNEWS

ഡി.എം.കെ നേതാവിന്റെ മകളായ 23 വയസുകാരിയെ കൊന്ന് കാട്ടില്‍ത്തള്ളി; 17 വയസുകാരനായ കാമുകന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടില്‍ ഡി.എം.കെ. നേതാവിന്റെ മകളെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 17 വയസുകാരന്‍ അറസ്റ്റില്‍. ധര്‍മപുരിയിലെ ഡി.എം.കെ. കൗണ്‍സിലര്‍ ഭുവനേശ്വരന്റെ മകള്‍ ഹര്‍ഷ(23)യെ കൊലപ്പെടുത്തിയ കേസിലാണ് യുവതിയുടെ കാമുകനായ യുവാവിനെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായും മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടെന്നും തന്നെ ഒഴിവാക്കുകയാണെന്നും സംശയിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു.

ഹൊസൂരിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ ഹര്‍ഷയെ ബുധനാഴ്ച രാവിലെയാണ് കൊമ്പൈ വനമേഖലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ മൊബൈല്‍ഫോണും സ്ഥലത്തുനിന്ന് കണ്ടെടുത്തു. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്.

യുവതിയുടെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ചൊവ്വാഴ്ച വൈകിട്ട് അവസാനമായി വിളിച്ചത് 17വയസുകാരനെയാണെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കണ്ടെത്തി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കൊല്ലപ്പെട്ട ഹര്‍ഷയും 17 വയസുകാരനും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, യുവതിക്ക് മറ്റുചിലരുമായും അടുപ്പമുണ്ടെന്നായിരുന്നു പ്രതി പോലീസിന് നല്‍കിയ മൊഴി. തന്നെ ഒഴിവാക്കി മറ്റൊരാളുമായി അടുപ്പത്തിലായതിനാലാണ് ഹര്‍ഷയെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞിരുന്നു.

സംഭവദിവസം ഹൊസൂരിലെ കമ്പനിയില്‍നിന്ന് മടങ്ങിയ ഹര്‍ഷ, തന്നെ കൂട്ടാനായി ധര്‍മപുരിയിലെ ബസ് സ്റ്റോപ്പില്‍ വരണമെന്ന് കാമുകനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് യുവാവ് ബസ് സ്റ്റോപ്പിലെത്തുകയും യുവതിയുമായി കൊമ്പൈ വനമേഖലയിലേക്ക് പോവുകയും ചെയ്തു. ഇവിടെവെച്ച് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് യുവതിയുമായി കാമുകന്‍ വഴക്കിട്ടു. തര്‍ക്കത്തിനിടെ യുവതിയെ കാമുകന്‍ ദുപ്പട്ട കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവതി മരിച്ചതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: