KeralaNEWS

വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ കെ വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ല, ആർഷോക്കെതിരെ നടന്നത് വലിയ ഗൂഢാലോചന: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

കണ്ണൂർ: എസ്എഫ്ഐ നേതാവ് പിഎം ആർഷോയുമായി ബന്ധപ്പെട്ടുയർന്ന മാർക്ക് ലിസ്റ്റ് വിവാദത്തിലും, കെ വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിലും നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഷോ നൽകിയ പരാതിയും വിദ്യക്കെതിരായ കേസും രണ്ടും രണ്ടാണെന്നും രണ്ട് കേസും വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ല. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ കെ വിദ്യക്കെതിരായ കേസിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് എസ് എഫ് ഐ നേതാവ് ആർഷോക്കെതിരെ വലിയ ഗൂഢാലോചന നടന്നു. അതിന് പിന്നിൽ ആരാണെങ്കിലും പുറത്തു കൊണ്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാർക്ക് ലിസ്റ്റ് വിവാദം എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു നേരത്തെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തൽ. മാർക് ലിസ്റ്റ് പ്രശ്നത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നിരപരാധിയാണെന്ന് വിലയിരുത്തിയ സെക്രട്ടറിയേറ്റ്, ഇക്കാര്യത്തിൽ ആർഷോ പാർട്ടിക്ക് നൽകിയ വിശദീകരണം തൃപ്തികരമാണെന്നും എന്നാൽ കെ വിദ്യക്കെതിരെ ഉയർന്ന വ്യാജരേഖാ ആരോപണം ഗുരുതരമാണെന്നുമുള്ള നിഗമനത്തിലേക്കാണ് എത്തിയത്.

Back to top button
error: