മാവേലിക്കര: ആറു വയസുള്ള മകളെ മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയ ശ്രീമഹേഷ് വിദ്യയെ വിവാഹം കഴിക്കുന്നത് ഗള്‍ഫില്‍ നഴ്സെന്ന് പറഞ്ഞായിരുന്നു.ബി.എസ്‌സി ബി.എഡുകാരിയായിരുന്നു വിദ്യ.
2013 ഒക്ടോബര്‍ 17നായിരുന്നു വിദ്യയും ശ്രീമഹേഷുമായുള്ള വിവാഹം.ഗള്‍ഫിലെ നഴ്സായതിനാല്‍ തന്നെ പലചരക്ക് വ്യാപാരിയായ വിദ്യയുടെ പിതാവ് ലക്ഷ്മണൻ മകള്‍ക്ക് 101 പവൻ സ്വര്‍ണം നല്‍കിയാണ് വിവാഹം നടത്തിയത്.അന്ന് സ്ത്രീധനമായി പണവും നല്‍കിയിരുന്നു.വിവാഹ ശേഷം ഗള്‍ഫില്‍ പോയ ശ്രീമഹേഷ് ഒരു വര്‍ഷത്തിനുള്ളില്‍ മടങ്ങിയെത്തുകയായിരുന്നു.
പിതാവിന്റെ ആശ്രിത പെൻഷനില്‍ കഴിഞ്ഞ ശ്രീമഹേഷ് മദ്യപാനിയായിരുന്നു. മദ്യലഹരിയില്‍ വിദ്യയെ മര്‍ദ്ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പലപ്പോഴും ചികിത്സ തേടിയിരുന്നെങ്കിലും നാണക്കേട് ഭയന്ന് പരാതിപ്പെട്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.നക്ഷത്രയുടെ ജനനശേഷവും മഹേഷിന്റെ മദ്യപാനത്തിനും മര്‍ദ്ദനത്തിനും കുറവുണ്ടായിരുന്നില്ല.
2019 ജൂണ്‍ നാലിന് രാത്രിയിലാണ് വിദ്യയെ ശ്രീമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വിദ്യയുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.വിദ്യയുടെ മരണത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കാനാണ് ഇപ്പോൾ കുടുംബത്തിന്റെ തീരുമാനം.
വിദ്യയെ കാണാനില്ലെന്നു പറഞ്ഞ് പത്തിയൂരിലെ വീട്ടിലേക്ക് ശ്രീമഹേഷിന്റെ ബന്ധുവാണ് വിളിച്ചത്. തുടര്‍ന്ന് വിദ്യയുടെ അമ്മ രാജശ്രീ ബന്ധുവായ നിഥിനൊപ്പം ശ്രീമഹേഷിന്റെ വീട്ടിലെത്തിയപ്പോള്‍ അമ്മ സുനന്ദയെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടര്‍ന്നുള്ള തെരച്ചിലിലാണ് അടുക്കളയോടു ചേര്‍ന്ന് വിദ്യ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.
അമ്മയുടെ മരണശേഷം അന്ന് രണ്ടുവയസുണ്ടായിരുന്ന നക്ഷത്ര ആറുമാസത്തിലേറെ വിദ്യയുടെ വീട്ടിലായിരുന്നു. മകളെ കാണാൻ ശ്രീമഹേഷ് ഇടയ്‌ക്കിടെ വന്നിരുന്നു. വല്ലപ്പോഴും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. പിന്നീട് മകളെ താൻ വളര്‍ത്താമെന്ന് ശാഠ്യം പിടിച്ചു. അതിനിടെ വിദ്യയുടെ സ്വര്‍ണം മാതാപിതാക്കള്‍ വിറ്റ് നക്ഷത്രയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തി. തനിക്ക് കടമുണ്ടെന്നും വീട് ജപ്തിയിലാണെന്നും പറഞ്ഞ് ഈ പണം വാങ്ങാൻ ശ്രീമഹേഷ് ശ്രമിച്ചെങ്കിലും വിദ്യയുടെ കുടുംബം വഴങ്ങിയില്ല.
അതേസമയം മഹേഷ് വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്രയുടെ മൃതദേഹം ഇന്നലെ വൈകിട്ട് സംസ്കരിച്ചു. പത്തിയൂരിലെ അമ്മവീട്ടില്‍ നൂറുകണക്കിന് പേരാണ് നിറകണ്ണുകളോടെ നക്ഷത്രയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്.