Health

വയോധികരുടെ ശ്രദ്ധയ്ക്ക്: ദിനംപ്രതി ഒരു മള്‍ട്ടിവൈറ്റമിന്‍ ഗുളിക കഴിച്ചാൽ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്ക് ഓര്‍മശക്തി മെച്ചപ്പെടുമെന്ന് ശാസ്ത്രലോകം

ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ ഗുളിക വീതം കഴിക്കുന്നത് പ്രായമായവരിലെ ഓര്‍മശക്തിയെ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനം. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഗവേഷണ ഫലം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ചു.

60 വയസ്സിന് മുകളില്‍ പ്രായമുള്ള 3500 പേരില്‍ മൂന്നു വര്‍ഷം കൊണ്ടാണ് ഗവേഷണം നടത്തിയത്. ഇവരില്‍ പകുതി പേര്‍ക്ക് ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ സപ്ലിമെന്റ് വീതവും പകുതി പേര്‍ക്ക് പ്ലാസെബോയും നല്‍കി. മൂന്ന് വര്‍ഷത്തിന് ശേഷം ഇവരുടെ ഹ്രസ്വകാല ഓര്‍മയെ വിലയിരുത്താനുള്ള ഓണ്‍ലൈന്‍ കോഗ്നിറ്റീവ് പരിശോധന നടത്തി. മള്‍ട്ടിവൈറ്റമിന്‍ കഴിച്ച സംഘത്തിന് കഴിക്കാത്ത സംഘത്തെ അപേക്ഷിച്ച് ഓര്‍മശേഷിയില്‍ നേരിയ പുരോഗതിയുണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. പ്രായമാകുമ്പോള്‍ ധാരണശേഷിയില്‍ ഉണ്ടാകുന്ന മങ്ങല്‍ ഇവര്‍ക്ക് താരതമ്യേന കുറവായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പുതിയ വസ്തുക്കളെ തിരിച്ചറിയാനോ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ ഉള്ള ശേഷിയിലൊന്നും മള്‍ട്ടിവൈറ്റമിന്റെ ഉപയോഗം മാറ്റങ്ങള്‍ വരുത്തുന്നതായി പഠനത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ല. അതേ സമയം ഓര്‍മശക്തിയിലുള്ള മള്‍ട്ടിവൈറ്റമിന്‍ സപ്ലിമെന്റിന്റെ സ്വാധീനം ഹൃദ്രോഗമുള്ളവരില്‍ കൂടുതല്‍ ശക്തമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

ചിലതരം ഭക്ഷണക്രമങ്ങള്‍ക്ക് ഓര്‍മശക്തിയെയും ധാരണശേഷിയെയുമെല്ലാം സംരക്ഷിക്കാന്‍ കഴിയുമെന്ന് മുന്‍പ് ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഉദാഹരണത്തിന് മെഡിറ്ററേനിയന്‍ ഡയറ്റും ഡാഷ് (ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പര്‍ടെന്‍ഷന്‍) ഡയറ്റും ചേര്‍ന്നുള്ള മൈന്‍ഡ് ഡയറ്റിന് ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Back to top button
error: