കോട്ടയം: സോളാർ വിവാദവുമായി ബന്ധപ്പെട്ട് സി.പി.ഐ. നേതാവ് സി.ദിവാകരനും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഹേമചന്ദ്രനും നടത്തിയ വെളിപ്പെടുത്തലിന്റെ പേരിൽ കോൺഗ്രസ് നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയെ ആരും വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉമ്മൻ ചാണ്ടി കോൺഗ്രസുകാരുടെ പൊതു സ്വത്താണ്.ഗ്രൂപ്പ് തർക്കങ്ങളുടെ പേരിൽ അദേഹത്തെ വേദനിപ്പിക്കരുതെന്നും തിരുവഞ്ചൂർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സി.പി.ഐ. നേതാവ് സി. ദിവാകരനാണ് സോളാർ കമ്മീഷൻ റിപ്പോർട്ട് അസംബന്ധമാണെന്ന് ആദ്യം പറഞ്ഞത്.ഇതിൽ സി.പി.എമ്മിനും എൽ.ഡി.എഫും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.ഈ വിഷയത്തിൽ ഇടതുമുന്നണി നിലപാട് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.കോൺഗ്രസ് ഈ വിഷയത്തിൽ ശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ട്.സോളർ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം ഉമ്മൻ ചാണ്ടിക്കൊപ്പമാണ് ഉണ്ടായിരുന്നത്. ഇനിയുളള കാലവും അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കെതിരേ കെട്ടിപ്പൊക്കിയ കളളക്കഥയിരുന്നു സോളാർ കേസെന്ന് ഓരോ ദിവസം കഴിയുമ്പോഴും തെളിയുകയാണ്.വി.എസ്. അച്യുതാന്ദൻ മുഖ്യമന്ത്രി ആയിരിക്കേ എസ്.സി,എസ്.റ്റി കമ്മീഷൻ ആയിരുന്നു ജസ്റ്റീസ് ശിവരാജൻ.അദേഹത്തിന് രണ്ടാമതും സ്ഥാനം നീട്ടി നൽകി. ഇതിൽ നിന്നും സി.പി.എമ്മിന് വേണ്ടപ്പെട്ടയാളാണ് ശിവരാജനെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശിവരാജനെ കമ്മീഷനായി നിയമിക്കുന്നതിനെ എതിർത്തത്. ആ നിലപാട് ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞുവെന്ന് തിരുവഞ്ചൂർ പറഞ്ഞു.
ഒടുവിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ കമ്മീഷന്റേത് പൊളിറ്റിക്കൽ റിപ്പോർട്ടായി മാറിയെന്നും അദേഹം കുറ്റപ്പെടുത്തി.മോദിയുടെയും പിണറായിയുടെയും ഭരണത്തിൽ കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടി കഴിയുകയാണ്. ഈ ഭരണത്തിൽ നിന്നുളള മോചനത്തിന് നേതൃത്വം കൊടുക്കേണ്ട ദൗത്യമാണ് കോൺഗ്രസിനുളളത്. ഈ അവസരത്തിൽ അവരുടെ ചൂണ്ടയിൽ കൊത്താതിരിക്കാനുളള ഉത്തരവാദിത്വം എല്ലാ കോൺഗ്രസ് നേതാക്കൾക്കുമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.