KeralaNEWS

ആള് ശാന്തന്‍, പുല്ല് കഴുകി തിന്ന് അരിക്കൊമ്പന്‍; പരിക്കുണ്ടങ്കിലും ആരോഗ്യവാന്‍

തിരുവനന്തപുരം: തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പന്റെ അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. കോതയാര്‍ ഡാമിന് സമീപം പുല്ല് കഴുകി തിന്നുന്ന അരിക്കൊമ്പന്റെ വീഡിയോയാണ് പുറത്തുവന്നത്. തമിഴ്‌നാട് വനംവകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. പുതിയ സാഹചര്യങ്ങളില്‍ ആന ശാന്തനാണെന്ന പ്രതീക്ഷയും വീഡിയോക്കൊപ്പം സുപ്രിയ കുറിച്ചിട്ടുണ്ട്. ആനയെ തമിഴ്‌നാട് വനം വകുപ്പും കേരള വനം വകുപ്പും നിരീക്ഷിച്ച് വരികയാണ്.

Signature-ad

കോതയാര്‍ ഡാമിന് സമീപത്താണ് അരിക്കൊമ്പന്‍ നിലവിലുള്ളത്. റേഡിയോ കോളര്‍ വഴി ഘടിപ്പിച്ച സിഗ്‌നലില്‍ നിന്നുള്ള വിവരം അനുസരിച്ച് ആന ഡാമിന് സമീപം നിലയുറപ്പിച്ചതായി കേരള വനം വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. നെയ്യാര്‍ വനമേഖലയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയാണ് കോതയാര്‍ ഡാം. ആന ശാന്തനാണെന്ന പ്രതീക്ഷ പങ്കുവെച്ച സുപ്രിയ സാഹു, അത് എക്കാലവും തുടരട്ടെയെന്നും കുറിച്ചിട്ടുണ്ട്.

കോതയാറില്‍ നിന്ന് കേരള വനമേഖലയിലേക്ക് 130 ല്‍ അധികം കിലോമീറ്ററുകള്‍ ഉണ്ടെങ്കിലും ആന എത്തുകയാണെങ്കില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വനം വകുപ്പ് തയ്യാറെടുക്കുകയാണ്. മുന്‍കരുതല്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡനു നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 20 കിലോമീറ്റര്‍ പരിധിയിലേക്ക് ആന എത്തിയാല്‍ അറിയാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

നിലവില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ തമിഴ്‌നാട് കേരളത്തിനും കൈമാറുന്നുണ്ട്. കന്യാകുമാരി ഡിഎഫ്ഒയും കേരള വനംവകുപ്പുമായി ബന്ധപ്പെടുന്നുണ്ട്. തുമ്പിക്കൈയിലും ശരീരത്തിലും പരിക്കുകളുള്ള അരിക്കൊമ്പന്‍ പഴയ വേഗതയില്‍ സഞ്ചരിക്കാന്‍ സാധ്യതയില്ലെന്നാണ് വനം വകുപ്പ് നഗിമനം. പ്രതികൂല കാലാവസ്ഥയും സഞ്ചാരത്തിന് തടസമായേക്കും.

 

 

Back to top button
error: