IndiaNEWS

പണം തട്ടാന്‍ ഭര്‍ത്താവ് ട്രെയിനപകടത്തില്‍ മരിച്ചെന്ന് ഭാര്യ; ഭാര്യയ്‌ക്കെതിരേ പരാതിയുമായി ‘മരിച്ച’ ഭര്‍ത്താവ്!

ഭുവനേശ്വര്‍: രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ട് ഭര്‍ത്താവ് മരിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിക്കെതിരെ പരാതി നല്‍കി ഭര്‍ത്താവ്. താനുമായി അകന്ന് കഴിയുന്ന ഭാര്യ വ്യാജ രേഖകള്‍ ഉപയോഗിച്ച് നഷ്ടപരിഹാരമായി ലഭിക്കുന്ന തുക തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് യുവാവിന്റെ പരാതി.

കട്ടക് സ്വദേശിനിയായ ഗീതാഞ്ജലി ദത്ത എന്ന യുവതിയാണ് ഭര്‍ത്താവ് ബിജയ് ദത്ത ജൂണ്‍ രണ്ടിനുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചെന്ന് വ്യക്തമാക്കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. മൃതദേഹങ്ങളിലൊന്ന് തന്റെ ഭര്‍ത്താവിന്റേതാണെന്നായിരുന്നു ഇവരുടെ അവകാശവാദം. നല്‍കിയ രേഖകള്‍ പരിശോധിച്ച അധികൃതര്‍ തട്ടിപ്പ് ശ്രമം തിരിച്ചറിഞ്ഞ് താക്കീത് നല്‍കിയെങ്കിലും യുവതിക്കെതിരേ നടപടി സ്വീകരിച്ചിരുന്നില്ല.

Signature-ad

ട്രെയിനപകടത്തില്‍ താന്‍ മരിച്ചെന്ന രേഖകള്‍ ഉണ്ടാക്കി ഭാര്യ നടത്തിയ നീക്കമറിഞ്ഞ് ഭര്‍ത്താവ് ബിജയ് ദത്ത മണിയബന്ധ പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ ഗുരുതരമായത്. താന്‍ മരിച്ചതായി വ്യാജ പ്രചാരണം നടത്തുകയും, സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരത്തുക തട്ടിയെടുക്കാന്‍ ശ്രമം നടത്തുകയും ചെയ്ത ഗീതാഞ്ജലിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയായിരുന്നു യുവാവിന്റെ പരാതി.

കേസെടുത്തതോടെ അറസ്റ്റ് ഭയന്ന് യുവതി ഒളിവില്‍ പോയിരിക്കുകയാണെന്നും കഴിഞ്ഞ 13 വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. ബാലസോര്‍ ജില്ലയിലെ ബഹനാഗ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ യുവാവിനോട് മണിബന്ദ പോലീസ് ആവശ്യപ്പെട്ടു. മൃതദേഹത്തിന്മേല്‍ വ്യാജ അവകാശവാദം ഉന്നയിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറി പി കെ ജെന റെയില്‍വേയോടും ഒഡീഷ പോലീസിനോടും ആവശ്യപ്പെട്ടു.

ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് അഞ്ച് ലക്ഷം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 2 ന് വൈകുന്നേരം 7 മണിയോടെയുണ്ടായ ട്രെയിനപകടത്തില്‍ 288 പേര്‍ മരിക്കുകയും 1200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Back to top button
error: